തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുമായി കേരള സര്‍ക്കാര്‍; രാജ്യത്ത് ആദ്യം
Kerala News
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുമായി കേരള സര്‍ക്കാര്‍; രാജ്യത്ത് ആദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th January 2023, 9:10 pm

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി കേരള സര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞ പ്രഖ്യാപനത്തിന്റെ ഭാഗമയിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ്. രാജേന്ദ്രനെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. തദ്ദേശവകുപ്പിന് കീഴിലാകും ബോര്‍ഡിന്റെ പ്രവര്‍ത്തനം.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികള്‍ കൈക്കൊള്ളാനുമാണ് ക്ഷേമനിധി ബോര്‍ഡ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളും ഉള്‍പ്പെടെ സംസ്ഥാനത്തെ 26 ലക്ഷം പേര്‍ക്കാണ് ക്ഷേമനിധിയുടെ ഗുണം ലഭിക്കുന്നത്.

നിശ്ചിതകാലം പദ്ധതികളില്‍ തൊഴിലെടുത്തവര്‍ക്ക് പ്രതിമാസതുക അടച്ച് ക്ഷേമനിധിയില്‍ അംഗമാകാം. തുല്യമായ തുക സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ക്ഷേമനിധിയിലേക്ക് അടയ്ക്കും.

18 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. 55 വയസ്സുവരെ ക്ഷേമനിധി വിഹിതമടയ്ക്കാം. 60 വയസാകുന്നതോടെ മിനിമം പെന്‍ഷന്‍ ഉറപ്പാകും. ഉയര്‍ന്ന പ്രായപരിധിയില്ലാത്തതിനാല്‍ 60 പിന്നിട്ടവര്‍ക്കും തൊഴിലെടുക്കാം. പ്രസവാനുകൂല്യം, ചികിത്സാ സഹായം, ആരോഗ്യ ഇന്‍ഷുറന്‍സ്, മരണാനന്തര സഹായം, പഠനാനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ 2021 നവംബറില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ 2019ലെ പ്രഥമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതായിരുന്നു ക്ഷേമനിധി ബോര്‍ഡ് രൂപീകരണം.

Content Highlight: Kerala became the first state in the country to establish a welfare fund board for  mahatma gandhi national rural employees