'ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ പറയാമായിരുന്നു ജയിക്കുമെന്ന്, കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ മോശം'; ടൈംസ് നൗവിന്റെ സ്റ്റിംഗ് ഓപറേഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Kerala News
'ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ പറയാമായിരുന്നു ജയിക്കുമെന്ന്, കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ മോശം'; ടൈംസ് നൗവിന്റെ സ്റ്റിംഗ് ഓപറേഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th April 2021, 9:44 am

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ മോശമാണെന്നും കേരളത്തില്‍ ബിജെപി ദിവസം തോറും വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കാസര്‍ഗോഡ് എം. പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനിലൂടെയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വളരെ മോശമാണെന്നും, കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ ഗ്രൂപ്പിനോട് മാത്രമേ താത്പര്യമുള്ളു, പാര്ട്ടിയോട് ആത്മാര്‍ത്ഥത ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

‘കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വളരെ മോശമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, രണ്ട് ഗ്രൂപ്പുകളാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉള്ളത്. ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. എല്ലാവരും വ്യക്തി താല്‍പ്പര്യമുള്ളവരാണ്. ഗ്രൂപ്പ് വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്.

ആര്‍ക്കെങ്കിലും പാര്‍ട്ടിയോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എനിക്ക് ഉറപ്പ് പറയാമായിരുന്നു ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന്,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

കേരളത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് ബാധിക്കുക തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയെക്കൂടിയായിരിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും തോല്‍ക്കുമെന്ന് ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ ആദ്യം ചെയ്യേണ്ടത് സംഘടനയുടെ അടിത്തറ കെട്ടിപ്പടുക്കുകയാണ്. ബി.ജെ.പി ഓരോദിവസം കഴിയും തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ബൂത്ത് ലെവല്‍ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളൊന്നുമില്ല. പക്ഷെ പാര്‍ട്ടിയുണ്ടാക്കി. കോണ്‍ഗ്രസിലുള്ളവരൊക്കെ ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളം നിര്‍ണായക വോട്ടെടുപ്പ് ദിവസത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കോണ്‍ഗ്രസിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly 2021; Congress MP Rajmohan Unnithan says organizational set up is bad in Kerala, times now sting operation