കേരഫെഡ് എം.ഡി അഡ്വാന്‍സായി കൈപ്പറ്റിയത് 25 ലക്ഷം; സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ചിട്ടില്ലാത്തിനാല്‍ ശമ്പളം എഴുതിയെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ആരോപണം
Kerala News
കേരഫെഡ് എം.ഡി അഡ്വാന്‍സായി കൈപ്പറ്റിയത് 25 ലക്ഷം; സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ചിട്ടില്ലാത്തിനാല്‍ ശമ്പളം എഴുതിയെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 9:19 am

തിരുവനന്തപുരം: കേരഫെഡ് എം.ഡി ശമ്പളയിനത്തില്‍ അഡ്വാന്‍സ് ആയി കൈപ്പറ്റിയത് 25 ലക്ഷത്തിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ച് നല്‍കിയിട്ടില്ലാത്തതിനാലാണ് അഡ്വാന്‍സായി ഈ തുക കൈപ്പറ്റിയതെന്നാണ് എം.ഡിയുടെ വാദം. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് മാസത്തിനകം അഡ്വാന്‍സ് തിരിച്ചടക്കണമെന്നാണ് നിലവിലെ ചട്ടം. ഇത് മറികടന്നാണ് ഇത്രയധികം രൂപ അഡ്വാന്‍സ് ഇനത്തില്‍ എം.ഡി കൈപ്പറ്റിയിരിക്കുന്നത്.

പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സഹകരണ നിയമം ലംഘിച്ച് സ്വയം തീരുമാനിച്ച് ശമ്പളം എഴുതിയെടുക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്.

ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് കേരഫെഡ് എം.ഡി ശമ്പളമായി എഴുതിയെടുക്കുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖകളില്‍ പറയുന്നു.

സഹകരണ നിയമപ്രകാരം മൂന്ന് മാസത്തിലധികം അഡ്വാന്‍സ് അനുവദിക്കാന്‍ പറ്റില്ല. എന്നാല്‍ കഴിഞ്ഞ 25 മാസത്തിലധികമായി എം.ഡി പ്രതിമാസം ഒരുലക്ഷത്തിലധികം രൂപ പ്രതിമാസ ശമ്പളമായി അഡ്വാന്‍സ് ഇനത്തില്‍ കൈപ്പറ്റുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മുമ്പ് അഡ്വാന്‍സ് ഇനത്തില്‍ വാങ്ങിയ തുക തിരിച്ചടയ്ക്കാതെ പിന്നെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തുക എങ്ങനെ അനുവദിക്കുന്നുവെന്ന കാര്യം വ്യക്തമല്ല. സര്‍ക്കാര്‍ ശമ്പളം തീരുമാനിച്ച് ഉത്തരവിറക്കിയിട്ടില്ലാത്തതിനാലാണ് അഡ്വാന്‍സ് തുകയായി ശമ്പളം എഴുതിയെടുക്കുന്നതെന്നാണ് എം.ഡിയുടെ വാദം.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: KERA FED md salary advance