എഡിറ്റര്‍
എഡിറ്റര്‍
കേളി ഈദ്-ഓണം സംഗമങ്ങള്‍ക്ക് മലസില്‍ സമാപനം
എഡിറ്റര്‍
Tuesday 10th October 2017 2:35pm

റിയാദ്: റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കേളി കലാസാംസ്‌കാരിക വേദിയുടെ ഒരു മാസം നീണ്ടുനിന്ന ഈദ്-ഓണം സംഗമങ്ങള്‍ക്ക് മലസില്‍ സമാപനം. അല്‍മാസ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക സമിതിയംഗം രാജു നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് പുറമെ വിവിധ യൂണിറ്റിലെ അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി. ക്ലാസിക്കല്‍ നൃത്തം, നാടോടി നൃത്തം, സമൂഹ നൃത്തം എന്നിവയ്ക്ക് പുറമെ നൗഫല്‍ പൂവക്കുറിശ്ശിയുടെ മാജിക്ക് ഷോ, നൗഷാദ് കളമശ്ശേരി, സാം മാത്യു റാന്നി എന്നിവര്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡും ശ്രദ്ധേയമായി.

ഒരുമാസം മുന്‍പ് അല്‍ ഖര്‍ജില്‍ നിന്ന് ആരംഭിച്ച് മലസില്‍ എത്തി നില്‍ക്കുമ്പോള്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ഈദ്-ഓണം സംഗമങ്ങളില്‍ കണ്ടതെന്ന് കേളി മുഖ്യ രക്ഷാധികാരി ആക്ടിങ് കണ്‍വീനര്‍ ദസ്തകീര്‍ പറഞ്ഞു. ഇത്തവണ വികേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമമാണ് ഇതിന് പ്രചോദനമായതെന്നും വിവിധ പ്രദേശങ്ങളിലായി 15000ലധികം പേരാണ് ഇഫ്താറില്‍ സംബന്ധിച്ചെതെന്നും ദസ്തകീര്‍ കൂട്ടിചേര്‍ത്തു.

ഏരിയാ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജവാദ് പരിയാട്ട് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ റഷീദ് മേലേതില്‍, കുഞ്ഞിരാമന്‍ മയ്യില്‍, ബി പി രാജീവന്‍, സതീഷ് കുമാര്‍, ഗീവര്‍ഗ്ഗീസ്, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടി ആര്‍ സുബ്രഹ്മണ്യന്‍, കുടുംബ വേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, ആക്ടിക് സെക്രട്ടറി മാജിദ ഷാജഹാന്‍, മലാസ് യൂണിറ്റ് പ്രസിഡന്റ് ഫസീല നാസര്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ വി പി ഉമ്മര്‍, ഏരിയാ സെക്രട്ടറി ജയപ്രകാശ്, ഏരിയാ സാംസ്‌കാരിക കണ്‍വീനര്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു, സംഘാട സമിതി കണ്‍വീനര്‍ അഷറഫ് നന്ദി പറഞ്ഞു,

സംഗമത്തോടനുബന്ധിച്ച നടന്ന പരിപാടികള്‍ക്ക് സുനില്‍ കുമാര്‍, റിയാസ്, കെ ടി സെയ്ദ്, കബീര്‍, നാസര്‍, കൃഷ്ണന്‍ കരിവെള്ളൂര്‍, ഫിറോസ് തയ്യില്‍, നൗഷാദ്, വിഷ്ണു, സംഘാടക സമിതി സാമ്പത്തിക കണ്‍വീനര്‍ പ്രകാശന്‍ മൊറാഴ എന്നിവര്‍ നേതൃത്വം നല്‍കി. ഓണം ഈദ് സംഗമത്തിന്റെ മുഖ്യ പ്രായോജകര്‍ മലാസ് അല്‍ അര്‍ക്കന്‍ ട്രാവല്‍ ആന്റ് ടൂറിസം ആയിരുന്നു.

Advertisement