എഡിറ്റര്‍
എഡിറ്റര്‍
കേളി നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു
എഡിറ്റര്‍
Sunday 22nd May 2016 2:10pm

nayanar1

റിയാദ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ കെ നായനാരുടെ പന്ത്രണ്ടാം ചരമവാര്‍ഷികം റിയാദില്‍ കേളി കലാ സാംസ്‌കാരികവേദിയുടെ  ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

കക്ഷിരാഷ്ട്രീയ ഭേദമന്യെ സമാനതകളില്ലാത്തവിധം കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത, സാധാരണ ജനങ്ങള്‍ നെഞ്ചിലേറ്റിയ, ഹൃദയ വിശുദ്ധിയുടെ നന്മ വിതറി സ്‌നേഹത്തിന്റെ നിറവായി മാറിയ ജനനായകനായിരുന്നു നായനാരെന്ന് അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തിന്റെ സമഗ്രവികസനത്തിനു വിത്തുപാകിയ ജനകീയാസൂത്രണം, വിവിധ സാമൂഹ്യ സുക്ഷാ പദ്ധതികള്‍, ഐടി വികസനത്തിന്റെ നാഴികക്കല്ലായി മാറിയ ടെക്‌നോ പാര്‍ക്ക് എന്നിവ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആരംഭിച്ചത്. ഇന്ത്യയിലാദ്യമായി പ്രവാസികള്‍ക്കായി ഒരു പ്രത്യേക വകുപ്പു രൂപീകരിച്ചതും നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ഗള്‍ഫ് മലയാളികളുടെയും  അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒട്ടേറെ കര്‍മമ പരിപാടികളാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നതെന്നും അനുസ്മരണ പ്രഭാഷണത്തില്‍ മുഹമ്മദ്കുഞ്ഞു പറഞ്ഞു.

കേരളത്തില്‍ പതിനാലാം നിയമസഭയിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ വമ്പിച്ച വിജയം നല്‍കിയ അവസരത്തില്‍ സംഘടിപ്പിച്ച നായനാര്‍ അനുസ്മരണ ചടങ്ങ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പങ്കുവെക്കാനുള്ള അവസരംകൂടിയായി മാറി.

മതനിരപേക്ഷ അഴിമതി മുക്ത വികസിത കേരളത്തിനായി കേരള ജനത നല്‍കിയ വമ്പിച്ച തെരെഞ്ഞെടുപ്പു വിജയം നാളിതുവരെ ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തിയിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുക എന്നത് പുതിയ സര്‍ക്കാരിന്റെ കടമയായിരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ദസ്തക്കീര്‍ പറഞ്ഞു.

ആസന്ന മരണം സഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ സംരക്ഷിക്കുക എന്നതാകണം പുതിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണന. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും ഭയാശങ്കകളില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരന്തരീക്ഷം നമ്മുടെ രാജ്യത്തും കേരളത്തിലുണ്ടാകണം.

നമ്മുടെ അടുക്കളയില്‍ വരെ എത്തി നില്‍ക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതും പുതിയ സര്‍ക്കാരിന്റെ കടമയാണെന്നും ഇത്രയും തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പു വിജയം നല്‍കിയതിലൂടെ  മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും ദസ്തക്കീര്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച വൈകിട്ട് ബത്ത പാരഗണ്‍ ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍ അധ്യക്ഷനായിരുന്നു. കേളി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ റഷീദ് മേലേതില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

കേളി പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ മുഹമ്മദ് കുഞ്ഞു വള്ളികുന്നം അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, ഗീവര്‍ഗ്ഗീസ് ദയാനന്ദന്‍ ഹരിപ്പാട്, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, കേളി സൈബര്‍ വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍ എന്നിവരും നായനാരെ അനുസ്മരിച്ചു.

Advertisement