എഡിറ്റര്‍
എഡിറ്റര്‍
കുരുതിനിലങ്ങള്‍ : ഫാസിസത്തിനെതിരായ സര്‍ഗാത്മകമായ ഒരു ചലനം
എഡിറ്റര്‍
Monday 20th November 2017 12:49pm

റിയാദ്: കേളി-ചില്ല അംഗങ്ങള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘കുരുതിനിലങ്ങള്‍’ പുറത്തിറക്കി. ഫാസിസത്തിനെതിരായ സര്‍ഗാത്മകമായ ഒരു ചലനം എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ചില്ല സര്‍ഗവേദിയുടെ നവംബര്‍ ഒത്തുചേരലില്‍ നടത്തി.

എഴുത്തും ചിന്തയും സര്‍ഗാത്മകമായ എല്ലാ ഇടപെടലുകളും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് രക്തമാണ് തെരുവില്‍ ചരിത്രമെഴുതുന്നതെന്ന് ഹ്രസ്വചിത്രം പറയുന്നു. എഴുത്തോ, നിന്റെ കഴുത്തോ എന്ന് ചോദിച്ച ഒരു കാലമുണ്ടായിരുന്നു.

അന്നിത്രയും കാലം രൗദ്രമായിട്ടില്ല. എം ടിയ്ക്ക് ‘നിര്‍മ്മാല്യം’ രചിക്കാനും ബഷീറിന് ‘ഭഗവത്ഗീതയും കുറേ മുലകളും’ പുസ്തകത്തിന്റെ ശീര്‍ഷകമാക്കാനും സാധിച്ചിരുന്നു അക്കാലത്ത്. എന്നാല്‍ ഇന്ന് നിര്‍ഭയമായി പത്രപ്രവര്‍ത്തനം നടത്തിയ ഗൗരി ലങ്കേഷ് വരെ ഫാസിസത്തിന്റെ ആയുധങ്ങള്‍ക്ക് ഇരകളായി.

യുക്തിപരവും ശാസ്ത്രീയവുമായ ചിന്തയും സ്വതന്ത്രമായ ആവിഷ്‌കാരവും മതവര്‍ഗീയതയുടെ ഭീഷണിയുടെ നിഴലിലാണ്. കുരുതിനിലങ്ങള്‍ നമ്മുടെ കാലത്തെ നമുക്ക് കാണിച്ചുതരുന്നു. ഗൗരി ലങ്കേഷിന്റെ വധത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഹ്രസ്വചിത്രം വേണമെന്ന ആലോചന വന്നതെന്ന് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച നൗഷാദ് കെ ടി, ധനീഷ് ചന്ദ്രന്‍, ഗോപന്‍ കൊല്ലം എന്നിവര്‍ പറഞ്ഞു. എം ഫൈസല്‍, ടി ആര്‍ സുബ്രഹ്മണ്യന്‍, സതീഷ് ബാബു കോങ്ങാടന്‍ എന്നിവരാണ് ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി ഹ്രസ്വചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍.

പ്രദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, ബീന, മുഹമ്മദ് നജാത്തി, സബീന എം സാലി, അബ്ദുല്ലത്തീഫ് മുണ്ടരി, ആര്‍, മുരളീധരന്‍, അഖില്‍ ഫൈസല്‍, നജ്മ നൗഷാദ്, പ്രിയ സന്തോഷ്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement