ബി.എസ്.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ പ്രതിപക്ഷയോഗം ബഹിഷ്‌കരിച്ച് ആംആദ്മിയും
national news
ബി.എസ്.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ പ്രതിപക്ഷയോഗം ബഹിഷ്‌കരിച്ച് ആംആദ്മിയും
ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 11:20 am

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങി രാജ്യത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് ദല്‍ഹി ആംആദ്മി പാര്‍ട്ടിയും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഉച്ചക്ക് നടക്കാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ബി.എസ്.പി നേതാവ് മായാവതിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അറിയിച്ചിരുന്നു. പിന്നാലെയാണ് ആംആദ്മിയും യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി അറിയിച്ചത്.

ഇങ്ങനെയൊരു യോഗം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഞങ്ങളെ അറിയിക്കാത്ത യോഗത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി എം.പി സജ്ഞയ് സിങ് വ്യക്തമാക്കി.

കോണ്‍ഗ്രസുമായുള്ള വിയോജിപ്പ് കാരണമാണ് ബി.എസ്.പി യോഗത്തില്‍ പങ്കെടുക്കാത്തതെന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്.

അതേസമയം ദേശീയ പണിമുടക്ക് ദിനത്തില്‍ പശ്ചിമബംഗാളില്‍ ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് മമത വിട്ടുനില്‍ക്കുന്നത്. സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് താനാണെന്നും ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ഇടത് പക്ഷവും രാജ്യത്ത് നടത്തുന്നത് പ്രക്ഷോഭമല്ല, നാശമാണെന്നും മമത ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ