കെജ്‌രിവാള്‍ എന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നു, എ.എ.പിയില്‍ ചേരാനില്ല; പ്രകാശ് രാജ്
national news
കെജ്‌രിവാള്‍ എന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നു, എ.എ.പിയില്‍ ചേരാനില്ല; പ്രകാശ് രാജ്
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 10:08 pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ ചേരാനില്ലെന്ന് മുതിര്‍ന്ന അഭിനേതാവ് പ്രകാശ് രാജ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശത്തിന് അരവിന്ദ് കെജരിവാള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്റട്രലില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രകാശ് രാജ് എ.എ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് എ.എ.പിയില്‍ ചേരാനില്ലെന്ന് പ്രകാശ് രാജ് അറിയിച്ചത്.

Also Read സുപ്രീംകോടതിയില്‍ പോയില്ല; ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു

“പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കാതെ തന്നെ എ.എ.പി എന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നത് വളരെ ഹൃദ്യമാണ്. അതുകൊണ്ടുതന്നെ എനിക്ക് ദല്‍ഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നുണ്ടായിരുന്നു”- വ്യാഴാഴ്ച അരവിന്ദ് കെജരിവാളുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രകാശ് രാജിനെപ്പോലുള്ളവരെ പാര്‍ലമെന്റിന് ആവശ്യമുണ്ടെന്ന് കെജ്‌രിവാള്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. “രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പ്രകാശ് രാജിന്റെ തീരുമാനത്തെ ഞാന്‍ പിന്താങ്ങുന്നു. അദ്ദേഹം മാത്രമല്ല, എല്ലാ നല്ല ആള്‍ക്കാരും രാഷ്ട്രീയത്തിലേക്ക് വരേണ്ടതാണ്” എന്നായിരുന്നു എ.എ.പി. നേതാവ് മനീഷ് സിസോദിയ പറഞ്ഞത്.

പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റേയും നയങ്ങളുടെ പ്രധാന വിമര്‍ശകരിലൊരാളാണ് പ്രകാശ് രാജ്. പ്രകാശ് രാജിന്റെ പ്രഖ്യാപനത്തിനു ശേഷം തെലുങ്കാന രാഷ്ട്ര സമിതിയും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.