എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മനുഷ്യനാണ്, തെറ്റ് പറ്റും: കെജ്‌രിവാള്‍
എഡിറ്റര്‍
Monday 9th June 2014 2:59pm

kejriwal-arwind

ന്യൂദല്‍ഹി: താന്‍ ഒരു മനുഷ്യനാണ് തെറ്റുകള്‍ പറ്റുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുതിര്‍ന്ന തോവ് യോഗേന്ദ്ര യാദവുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന ആരോപണത്തെ തള്ളിയ കെജ്‌രിവാള്‍ അദ്ദേഹം തന്റെ സഹോദരനെ പോലെ ആണെന്നും പറഞ്ഞു.

യോഗേന്ദ്ര യാദവ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. എന്നെ ശകാരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അതീവ ഗൗരവമായി എടുക്കുന്നു. ഞാന്‍ ഒരു മനഷ്യനാണ്. എനിക്ക്  തെറ്റ് പറ്റുമ്പോള്‍ യോഗേന്ദ്ര യാദവിനെപ്പോലുള്ള മുതിര്‍ന്നവര്‍ അത് ചൂണ്ടികാണിച്ചു- കെജ്‌രിവാള്‍ പറഞ്ഞു.

നാല് സീറ്റുകള്‍ മാത്രമാണ് നേടാനായതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചെന്നും ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ പുതിയതും ചെറുതുമായ ഒരു പാര്‍ട്ടി ഇത്ര സീറ്റുകള്‍ നേടിയില്ലെ എന്നും അദ്ദേഹം ചോദിച്ചു.

ഇപ്പോള്‍ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കേണ്ട സമയമാണ്. ബൂത്ത് തലം തൊട്ട് ദേശീയ തലം വരെ പാര്‍ട്ടിയെ അഴിച്ചു പണിയും. പുതുമുഖങ്ങളെ കൊണ്ടു വരും. ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കും- കെജ്‌രിവാള്‍ അറിയിച്ചു.

പാര്‍ട്ടിയെ പുനസംഘടിപ്പിക്കുന്നതിന് ആറംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും കര്‍ണാടക യൂണിറ്റിന്റെ പാര്‍ട്ടി കണ്‍വീനര്‍ പൃഥ്വി റെഡ്ഢി കമ്മിറ്റിയെ നയിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കകത്ത് ജാനാധിപത്യം ഇല്ലെന്ന് പറഞ്ഞത് പാര്‍ട്ടി നേതാക്കളായ യോഗേന്ദ്ര യാദവും ഷാസിയ ഇല്‍മിയും രാജി വെച്ചിരുന്നുവെങ്കിലും ഇരുവരുടെയും രാജി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നിരാകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

Advertisement