ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്ത് കാര്യം; ബഹിഷ്‌കരിച്ച് അരവിന്ദ് കെജ്‌രിവാള്‍
national news
ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്ത് കാര്യം; ബഹിഷ്‌കരിച്ച് അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 5:11 pm

ന്യൂദല്‍ഹി: നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതി. ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് കാര്യമെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ദല്‍ഹി ഉദ്യോഗസ്ഥ നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിര്‍പ്പ് അറിയിച്ചാണ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

‘പ്രധാനമന്ത്രി സുപ്രീം കോടതിയെ അനുസരിക്കുന്നില്ലെങ്കില്‍, ജനങ്ങള്‍ നീതിക്കായി എങ്ങോട്ട് പോകുമെന്ന് ആളുകള്‍ ചോദിക്കുന്നു. ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് കാര്യം?’ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെജ്‌രിവാള്‍ പറയുന്നു.

മെയ് 27ന് ചേരുന്ന നീതി ആയോഗ് യോഗത്തില്‍ ആരോഗ്യം, സ്ത്രീ ശാക്തീകരണം, 2047 ഓട് കൂടി ഇന്ത്യയുടെ വികസനം ലക്ഷ്യം വെച്ചുള്ള അടിസ്ഥാന സൗകര്യം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നീതി ആയോഗിന്റെ അപ്പെക്‌സ് ബോഡി (apex body).

നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം, ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നടപടിക്കെതിരെ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ആഴ്ചയില്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന മേധാവി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

CONTENTHIGHLIGHT: Kejriwal boycott to niti ayog meet