പൂര്‍ണ പിന്തുണ; കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം പുനഃസ്ഥാപിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍; നന്ദിയറിയിച്ച് കര്‍ഷകര്‍
national news
പൂര്‍ണ പിന്തുണ; കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം പുനഃസ്ഥാപിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍; നന്ദിയറിയിച്ച് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 3:47 pm

ന്യൂദല്‍ഹി: കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാവരും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി രംഗത്തുണ്ടെന്നും നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

‘രാകേഷ് ജി, ഞങ്ങളെല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണ്. കര്‍ഷക തൊഴിലാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും കര്‍ഷക നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതും കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതും തീര്‍ത്തും തെറ്റായ കാര്യമാണ്,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതിയും കുടിവെള്ള സംവിധാനവും കേന്ദ്രം ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്ര നടപടി.

എന്നാല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ച് നല്‍കി. ഇതിന് നന്ദി അറിയിച്ച് കൊണ്ട് രാകേഷ് തികേത് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കെജ്‌രിവാള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

അതേസമയം ദല്‍ഹിയില്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സമരം അവസാനപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമണങ്ങള്‍ അഴിച്ച് വിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം.

സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗുണ്ടകളാണെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. റിപ്പബ്ലിക് ദിനത്തിന്റെ അന്നുതൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kejriwal assured support to Rakesh Tikait and protesting farmers