എഡിറ്റര്‍
എഡിറ്റര്‍
പവാറിനെ സംരക്ഷിച്ചെന്ന ആരോപണം കെജ്‌രിവാള്‍ തള്ളി
എഡിറ്റര്‍
Saturday 20th October 2012 12:50am

ന്യൂദല്‍ഹി: ജലസേചന കുംഭകോണത്തില്‍ അഴിമതിക്കാരായ ചില പ്രമുഖരാഷ്ട്രീയനേതാക്കളെ താന്‍ ഒഴിവാക്കിയെന്ന ആരോപണം അരവിന്ദ് കെജ്‌രിവാള്‍ തള്ളി.

Ads By Google

ചില രാഷ്ട്രീയപ്രവര്‍ത്തകരെ തങ്ങള്‍ ഒഴിവാക്കി എന്നത് ശരിയല്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന തന്റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വലിയ ജലസേചന പദ്ധതി കുംഭകോണത്തില്‍ ശരത് പവാറിന്റേയും കുടുംബത്തിന്റേയും  പങ്കിനെ സംബന്ധിച്ച് കെജ്‌രിവാള്‍ മൗനം പാലിച്ചെന്ന് കെജ്‌രിവാളിന്റെ പഴയ സഹപ്രവര്‍ത്തകനായ വൈ.പി.സിങ്ങാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ പത്രസമ്മേളനം നടത്തിയത്.

കുംഭകോണത്തില്‍  വന്‍ലാഭം നേടിയ പവാറിനെതിരെ വിവരങ്ങളെല്ലാം ഉണ്ടായിട്ടും അദ്ദേഹം മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും വൈ.പി സിങ് ചോദിച്ചു.

വിദര്‍ഭയിലെ നാഗ്പൂര്‍ ജില്ലയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഏറ്റെടുത്ത സ്ഥലത്തില്‍ ബാക്കി വന്ന 100 ഏക്കര്‍ ചട്ടം ലംഘിച്ച് ഗഡ്ഗരിയുടെ ട്രസ്റ്റിന് കൈമാറിയെന്ന് കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയിലെ കൃഷ്ണവാലി വികസനകോര്‍പ്പറേഷന്റെ വകയായ 348 ഏക്കര്‍ സ്ഥലം 2002ല്‍ 30 കൊല്ലത്തേക്ക് ലാവാസയ്ക്ക് പാട്ടത്തിനു കൊടുത്തത് സുപ്രീം കോടതി വിധി മറികടന്നായിരുന്നു. ശരദ്പവാറിന്റെ മരുമകനായ അജിത് പവാറാണ് ഇതിനു കൂട്ടുനിന്നത്. പ്രതിമാസം വെറും 23,000 രൂപ വാടകയ്ക്കാണ് ഇതു നല്‍കിയത്. ലാവാസയില്‍ പവാറിന്റെ മകള്‍ സുപ്രിയാ സുലെയ്ക്കും ഭര്‍ത്താവിനും 21 ശതമാനത്തോളം ഓഹരിയുണ്ടായിരുന്നു. അവര്‍ അതുവിറ്റ് വന്‍ തുകയുണ്ടാക്കി ഈ ആരോപണങ്ങളാണ് സിങ് ഉന്നയിച്ചത്.

മഹാരാഷ്ട്രയിലെ സുപ്രധാന അഴിമതിയെ സംബന്ധിച്ച് വിവരങ്ങളെല്ലാം ലഭിച്ചിട്ടും എല്ലാ വസ്തുതകളും കെജ്‌രിവാള്‍ വെളിപ്പെടുത്തിയില്ലെന്നും ചിലരെ തിരഞ്ഞ് പിടിച്ച് ആരോപണം ഉന്നയിക്കുകയായിരുന്നെന്നും സിങ് ആരോപിച്ചു.

എന്നാല്‍ പവാറിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ തങ്ങള്‍ കഴിഞ്ഞ ജൂലായില്‍ത്തന്നെ ഉന്നയിച്ചതായി കെജ്‌രിവാള്‍ പറഞ്ഞു. ഇവ മറച്ചുപിടിച്ചെന്ന ആരോപണം തെറ്റാണ്. അതേ സമയം, തന്റെ സഹപ്രവര്‍ത്തകരായ അഞ്ജലി ദമാനിയ, മായാങ്ക് ഗാന്ധി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാനലിനെ ചുമതലപ്പെടുത്തിയതായി കെജ്‌രിവാള്‍ പറഞ്ഞു.

ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് എ. പി. ഷാ, ജസ്റ്റിസ് മാര്‍ലാപല്ലെ, ജസ്പാല്‍ സിങ് എന്നിവരാണ് പാനലിലുള്ളത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഇവരോട് ആവശ്യപ്പെട്ടത്.

Advertisement