എഡിറ്റര്‍
എഡിറ്റര്‍
കീഴാറ്റൂര്‍ സമരം; ചര്‍ച്ച പരാജയം; വയല്‍ നികത്തി ബൈപ്പാസ് പണിയാനുള്ള തീരുമാനം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് സമരസമിതി
എഡിറ്റര്‍
Monday 18th September 2017 8:20pm

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ സമരസമിതിയുമായി ജെയിംസ് മാത്യു എം.എല്‍.എ, കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. നാടിന്റെ സമ്പത്തായ നെല്‍വയല്‍ നികത്തിയുള്ള റോഡ് വികസനം നടത്താനുള്ള തീരുമാനം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് സമരസമിതി അറിയച്ചതോടെയാണിത്.

ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ളതാണ് നിലവിലുള്ള ബൈപാസ് അലൈന്‍മെന്റെന്നും ഇത് ഇനി മാറ്റാനാകില്ലെന്നുമാണ് ചര്‍ച്ചയില്‍ കലക്ടര്‍ സമരസമിതി പ്രവര്‍ത്തകരോട് പറഞ്ഞത്.  മുന്‍ വിജ്ഞാപന പ്രകാരം ഇരുനൂറോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നതെന്നും അത് കൊണ്ട്  ജനവാസം കുറഞ്ഞ കീഴാറ്റൂരിലെ കൂവോട് ഭാഗത്തെ വയല്‍ നികത്തി പദ്ധതി നടപ്പാക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നാണ് കലക്ടര്‍ അറിയിച്ചത്.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സി.പി.ഐ.എം ശക്തികേന്ദ്രമായ കീഴാറ്റൂരില്‍ പ്രതിരോധം ശക്തമാക്കാനാണ് സമരസമിതി ഒരുങ്ങുന്നത്.

കോഴിക്കോട് നല്ലളം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമെന്ന നിലയ്ക്ക് കണ്ണൂരിലെ തന്നെ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന 5 കിലോമീറ്റര്‍ അലൈന്‍മെന്റിനായുള്ള നടപടികള്‍ 2012ല്‍ തുടങ്ങിയിരുന്നു. 2016ല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ ഈ രൂപരേഖ അട്ടിമറിച്ച് കീഴാറ്റൂരില്‍ വയല്‍ നികത്തി പാത നിര്‍മിക്കുന്നതിനെതിരെയാണ് സമരം ആരംഭിച്ചിരുന്നത്.

ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാത വന്നാല്‍ കീഴാറ്റൂര്‍ ഗ്രാമവും 250 ഏക്കറോളം വരുന്ന നെല്‍പ്പാടവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ് ഈ വയലുകള്‍. വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ കടുത്ത ജലക്ഷാമം ആയിരിക്കും സമീപത്തെ ഗ്രാമങ്ങള്‍ക്ക് നേരിടേണ്ടി വരിക.

പാത നിര്‍മ്മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുളള മൂന്ന് ബ്രാഞ്ച് കമ്മറ്റികള്‍ കോടിയേരിക്ക് പരാതി നല്‍കിയിരുന്നു.  എന്നാല്‍ സമരം അനാവശ്യമാണെന്ന നിലപാടാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്.

Advertisement