എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരും പാര്‍ട്ടിയും മുട്ടുമടക്കി; കീഴാറ്റൂരിലെ വയല്‍ സംരക്ഷണ സമരം വിജയത്തിലേക്ക്
എഡിറ്റര്‍
Friday 29th September 2017 11:13am

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കഴിഞ്ഞ 20 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം വിജയത്തിലേക്ക്.

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കുന്നത് നീട്ടിവയ്ക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കീഴാറ്റൂര്‍ സന്ദര്‍ശിച്ച് ബദല്‍ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സമരസമിതി ഇന്ന് രാവിലെ 10 മണിക്ക് യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കും.


Dont Miss ഒരു തവണയെങ്കിലും ജനങ്ങളെ അഭിമുഖീകരിച്ച് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം; മോദിയോട് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ


കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു. ബദല്‍ റോഡിനുള്ള സാധ്യതകള്‍ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയെങ്കിലും ദേശീയപാതാ വികസനത്തില്‍ നിന്ന് പിന്നോട്ടുപോകാനാവില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

തളിപ്പറമ്പ് പട്ടണത്തിലൂടെയാണ് ആദ്യം ബൈപ്പാസ് തീരുമാനിച്ചിരുന്നത്. 150 വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നതിനാല്‍ പട്ടണം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാനാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മിക്കാമെന്ന ആലോചന വന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നും വിജ്ഞാപനം വീണ്ടും ഇറക്കിയാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

സമരസമിതിക്ക് വേണ്ടി സുരേഷ് കീഴാറ്റൂര്‍, നോബിള്‍ പൈകട ദേശീയപാത അതോറിറ്റി റീജനല്‍ ഓഫീസര്‍ ആശിസ് ദ്വിവേദി പി.ഡബ്ല്യൂഡി ചീഫ് എഞ്ചിനിയര്‍ കെ.പി പ്രഭാകരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സി.പി.ഐ.എം പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാരാണ് വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ രംഗത്തെത്തിയത്. സമരത്തെ ആദ്യം സി.പി.ഐ.എം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ പിന്തുണയുമായി ബി.ജെ.പിയും സി.പി.ഐയുടെ ജില്ലാ ഘടകവും രംഗത്തെത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഈ പശ്ചാത്തലത്തിലായിരുന്നു സമവായത്തിന് പൊതുമരാമത്തുമന്ത്രി ഇടപെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘വയല്‍ക്കിളികള്‍’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നു വരുന്നത്.

സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യക്ഷ സമരം ആരംഭിച്ചത്. 13 ദിവസത്തെ ഉപവാസത്തിനു ശേഷം ആരോഗ്യ നില മോശമായതിനാല്‍ സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലാക്കിയിരുന്നു.

Advertisement