എഡിറ്റര്‍
എഡിറ്റര്‍
സമരത്തിനോടുള്ള കലിപ്പ് തീരുന്നില്ല; കീഴാറ്റൂര്‍ സമരക്കാര്‍ക്ക് തീവ്രവാദബന്ധമെന്ന് ദേശാഭിമാനി
എഡിറ്റര്‍
Friday 29th September 2017 12:23pm

കണ്ണൂര്‍: ദേശീയാപാതാ ബൈപ്പാസുമായി ബന്ധപ്പെട്ട് കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പേരില്‍ നടത്തിയ സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ആരോപിച്ച് ദേശാഭിമാനി ദിനപത്രം.

തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കഴിഞ്ഞ 20 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായ ഘട്ടത്തിലാണ് പാര്‍ട്ടി പത്രം സമരക്കാര്‍ക്ക് തീവ്രവാദബന്ധം ആരോപിച്ചിരിക്കുന്നത്.


Dont Miss കല്ലേന്‍ പൊക്കുടന്റെ പേരില്‍ പുരസ്‌കാരം; അവാര്‍ഡിന്റെ പേര് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പൊക്കുടന്റെ മകന്‍


കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ ഉറച്ച നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു നിര്‍മാണവുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കുന്നത് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

സി.പി.ഐ.എം പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാരാണ് വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ രംഗത്തെത്തിയത്. സമരത്തെ ആദ്യം സി.പി.ഐ.എം തള്ളിപ്പറഞ്ഞിരുന്നെങ്കിലും സി.പി.ഐയുടെ ജില്ലാ ഘടകം ഉള്‍പ്പെടെ സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സമവായത്തിനായി പൊതുമരാമത്തു മന്ത്രി ഇടപെട്ടത്.

എന്നാല്‍ സമരത്തില്‍ ചിലര്‍ നുഴഞ്ഞുകയറിയെന്നും സമരത്തെ മറ്റൊരു തലത്തിലേക്ക് തിരിച്ചുവിടാന്‍ ചിലര്‍ ശ്രമിക്കുന്നതുമായിട്ടായിരുന്നു ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്. ഇത് ശരിവെക്കുന്ന നിലയില്‍ പുറത്തുവന്ന ചില തെളിവുകള്‍ പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞുവെച്ചത്.

ജമാഅത്തെ ഇസ്‌ലാമിയും അവരുടെ മാധ്യമങ്ങളും നക്‌സല്‍ മാവോയിസ്റ്റ് ബന്ധമുള്ള ചിലരും ചേര്‍ന്നാണ് സമരത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ വന്‍പ്രചാരണം നല്‍കിയതെന്നും കീഴാറ്റൂരില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് അവരുടെ പത്രം വാര്‍ത്ത നല്‍കിയതും ബോധപൂര്‍വമാണെന്നാണ് നിഗമനമെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisement