ഫ്രീഡം അറ്റ് മിഡ് നൈറ്റിന് ശേഷം ഹക്കിം ഷാജഹാന്റെ കെയറേട്ടന്‍; പ്രിയനെ കുടുക്കുന്ന ടോക്‌സിക് ദമ്പതികള്‍
Film News
ഫ്രീഡം അറ്റ് മിഡ് നൈറ്റിന് ശേഷം ഹക്കിം ഷാജഹാന്റെ കെയറേട്ടന്‍; പ്രിയനെ കുടുക്കുന്ന ടോക്‌സിക് ദമ്പതികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 1:04 pm

c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് ജൂണ്‍ 24നാണ് റിലീസ് ചെയ്തത്. ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പ്രിയദര്‍ശന്‍ എന്ന ചെറുപ്പക്കാരന്റേയും അയാള്‍ മറ്റുള്ളവരെ സഹായിക്കാനായി സ്വന്തം ജീവിതത്തില്‍ വരുത്തി വെക്കുന്ന നഷ്ടങ്ങളെ പറ്റിയുമാണ് ചിത്രത്തില്‍ പറയുന്നത്.

*********************spoliler alert************************

അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സാമ്പത്തിക പ്രശ്‌നങ്ങളിലും, ജോലി പ്രശ്‌നങ്ങളിലും, ആശുപത്രി സംബന്ധമായ വിഷയങ്ങളിലുമെല്ലാം പ്രിയന്റെ കൈ എത്തുന്നുണ്ട്. ഇത്തരത്തില്‍ പ്രിയനെ വലക്കുന്ന ഒരു പ്രശ്‌നമാണ് ഭാര്യയുടെ സഹോദരിയുടെ ദാമ്പത്യ പ്രശ്‌നം. ശ്രീജിത്ത്-കീര്‍ത്തി ദമ്പതിമാരുടെ വിവാഹ ജീവിതം ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ അത്ര രസത്തിലല്ല പോകുന്നത്.

വളരെ പിന്തിരിപ്പനായ, സംശയ രോഗിയായ ഭര്‍ത്താവാണ് ശ്രീജിത്ത്. ഭാര്യ ജോലിക്ക് പോകുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. അവരുടെ ജോലിക്കായുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുകയും അത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുകയാണ് അയാള്‍.

കീര്‍ത്തി ജോലിയുടെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുക്കളെ കാണുന്നതും സംശയത്തോടെയാണ് ശ്രീജിത്ത് കാണുന്നത്. കീര്‍ത്തിക്ക് ജോലി ലഭിച്ചാലും പുതിയ ബന്ധങ്ങളുണ്ടാവുമോ എന്നാണ് അയാളുടെ പേടി. ഈ പേരില്‍ ഒന്നും പറയാതെ ശ്രീജിത്ത് വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നുമുണ്ട്.

തികച്ചും ടോക്‌സിക്കായ ഒരു ബന്ധമാണ് ശ്രീജിത്തിന്റേതും കീര്‍ത്തിയുടേതും. ഇവരുടെ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകളാണ് മറ്റൊരു വിരോധാഭാസം. സംശയം കൊണ്ട് പിണങ്ങി പോയ ഭര്‍ത്താവിനോട് ക്ഷമിച്ചുകൊടുക്കാനാണ് കീര്‍ത്തിയോട് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കോംപ്രമൈസ് ചര്‍ച്ചയായിട്ടും ഭര്‍ത്താവ് ഈ മീറ്റിങില്‍ എത്തുന്നുമില്ല. ഈ രംഗത്തില്‍ കുറച്ച് വെളിവോടെ സംസാരിക്കുന്നത് ബിജു സോപാനം അവതരിപ്പിച്ച കുട്ടേട്ടനാണ്. സിനിമയില്‍ അലസനായ ഉത്തരവാദിത്തമില്ലാതെ നടക്കുന്ന കുട്ടന്‍ സ്ത്രീകള്‍ ആരുടെയും അടിമകളായി നില്‍ക്കേണ്ട ആവശ്യമില്ലെന്ന നിലപാട് കൃത്യമായി ഇവിടെ പറയുന്നുണ്ട്.

ഒടുവില്‍ പ്രിയന്‍ തന്നെയാണ് ഇരുവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. ജോലിക്ക് പോയാലും നീ ശ്രീജിത്തിന്റെ കാര്യങ്ങള്‍ നന്നായി നോക്കില്ലേ എന്ന പ്രിയന്റെ ചോദ്യം പ്രേക്ഷകര്‍ക്ക് അരോചകമാകുന്നുണ്ട്. മാറിയ സമൂഹത്തില്‍ ഈ ചോദ്യത്തെ തികച്ചും പിന്തിരിപ്പനായേ കാണാനാവൂ.

ശ്രീജിത്തായി ഹക്കീം ഷാജഹാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. നേരത്തെ അനുപമ പരമേശ്വരന്‍ നായികയായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോട്ട് ഫിലിമിലും സമാനമായ കഥാപാത്രമായിരുന്നു ഹക്കീമിന്റേത്. ഭാര്യയെ ചൂഷണം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്‌നൈറ്റിലെ ഭര്‍ത്താവിന്റെ ആവര്‍ത്തനമാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലേതും.

Content Highlight: keerthy and sreejith, the toxic couple in priyan ottathilanu