കാസ കുരിശുവരയ്ക്കുന്ന കാവി നിക്കറുകാര്‍, അവര്‍ തീവ്രവാദി സംഘം: കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍
Kerala News
കാസ കുരിശുവരയ്ക്കുന്ന കാവി നിക്കറുകാര്‍, അവര്‍ തീവ്രവാദി സംഘം: കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2022, 11:11 pm

കൊച്ചി: കാസ (Christian Association and Alliance for Social Action) സംഘടന തീവ്രവാദി സംഘമാണെന്നും കുരിശുവരയ്ക്കുന്ന കാവി നിക്കറുകാരാണെന്നും കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍. അവര്‍ക്ക് കത്തോലിക്ക സഭയുടെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. സിറോ-മലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന ചിന്ത പൊതുബോധത്തില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത് ഇവരാണെന്നും ഫാ. ജോഷി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാ. ജോഷിയുടെ പ്രതികരണം.

കാസ എന്ന തീവ്രവാദി ഗ്രൂപ്പ് കത്തോലിക്കാസഭയുടെ പരോക്ഷമായ പിന്തുണയുള്ള ഒന്നാണ് എന്ന ഒരു ചിന്ത ഇന്ന് പല മനുഷ്യരുടെയിടയിലുമുണ്ട്. എന്നാല്‍, കാസ പോലും ഇങ്ങനെ അവകാശപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ക്രൈസ്തവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദപ്രസ്ഥാനങ്ങളെക്കുറിച്ച് കെ.സി.ബി.സി അതിന്റെ പത്രക്കുറിപ്പുകളിലൂടെയും കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍, മീഡിയാ കമ്മീഷന്‍ എന്നിവ അവയുടെ പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ സന്ദര്‍ഭങ്ങളില്‍ സഭാംഗങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നതുമാണ്.

എന്നിട്ടും ഇത്തരമൊരു തെറ്റിദ്ധാരണ പൊതുബോധത്തിലേക്ക് കടന്നുവന്നതിന് ഒറ്റ ഉത്തരമേയുള്ളൂവെന്നും, അത് സഭയിലെ ധ്യാനഗുരുക്കളായ സേവ്യര്‍ വട്ടായിലച്ചന്റെയും സന്തോഷ് കരുമാത്രയുടെയും ഇടപെടലുകളാണെന്നും ഫാ. ജോഷി മയ്യാറ്റില്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

സേവ്യര്‍ വട്ടായിലച്ചന്‍ ആര്‍.എസ്.എസിന്റെ ബൗദ്ധിക-മാധ്യമ താരമായ ടി.ജി. മോഹന്‍ദാസിന്റെ ഒരു വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ സെമിനാരി കാലത്തെ സുഹൃത്തായ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അതുകണ്ട ഉടനെതന്നെ താന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ടി.ജിയെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്.

അച്ചന്റെ അജ്ഞതയെ മുതലെടുത്ത, കുരിശു വരയ്ക്കുന്ന കാവി നിക്കറുകാര്‍ സീറോ-മലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്നു ചിന്തിക്കാന്‍ ഇടയാക്കി. വെറുപ്പില്‍ സ്വയം വേരുറക്കുകയും ഹിന്ദുത്വശക്തികളോട് കൈകോര്‍ക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ അച്ചനെ ഇക്കൂട്ടര്‍ പ്രേരിപ്പിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തുവെന്നും ഫാ. ജോഷി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കേരളസഭ തയ്യാറാകണം. വിഴിഞ്ഞം സമരം അതിന് നല്ല ഒരു മാതൃകയാണ്. എങ്കിലും ചില അപസ്വരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട് എന്നത് കാണാതെ പോകരുത്. വിവേകപൂര്‍ണമായ പ്രസ്താവനകളും മുദ്രാവാക്യങ്ങളും ഒഴിവാക്കാന്‍ ക്രൈസ്തവ സമരസമിതികള്‍ ജാഗ്രത പുലര്‍ത്തണം. SDPI / RSS പോലുള്ള മതമൗലികവാദികള്‍ ഏതവസരവും വിനിയോഗിക്കാന്‍ കാത്തിരിക്കുന്നു എന്ന അവബോധം എപ്പോഴുമുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും എല്ലാവിധ തീവ്രവാദങ്ങളെയും തള്ളിപ്പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനും ക്രൈസ്തവസമുദായത്തിനും ദ്രോഹം ചെയ്യുന്ന ഇസ്ലാമിസ്റ്റ് അധിനിവേശം ചെറുക്കണം. പക്ഷേ, അത് വെറുപ്പില്‍ അധിഷ്ഠിതമായിട്ടാകരുത്. മറ്റു മതങ്ങളോടുള്ള വെറുപ്പില്‍ ക്രൈസ്തവികത തീരെയില്ലെന്നു തിരിച്ചറിയണം. ഒരു വര്‍ഗീയതയെ ചെറുക്കേണ്ടത് മറ്റൊരു വര്‍ഗീയത കൊണ്ടല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമോ ഇസ്ലാമികരാഷ്ട്രമോ ക്രിസ്ത്യന്‍രാഷ്ട്രമോ ആകാന്‍ പാടില്ലെന്നും ഫാ. ജോഷി മയ്യാറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവനാമം പേറുന്ന പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും നിരീക്ഷിക്കാനും അവയില്‍ ക്രൈസ്തവവിരുദ്ധ ശൈലി കാണുന്നുവെങ്കില്‍ അവയെ തിരുത്താനും ഉതകുന്ന ഒരു സംവിധാനം നിലവില്‍ വരേണ്ടിയിരിക്കുന്നു. ക്രൈസ്തവ ശൈലിയിലേക്ക് തിരിയാന്‍ അവ തയ്യാറാകുന്നില്ലെങ്കില്‍ അവയെ ഔദ്യോഗികമായി പേരെടുത്ത് പറഞ്ഞ് തള്ളിപ്പറയാന്‍ ക്രൈസ്തവസഭകള്‍ തയ്യാറാകണം. പൊതുസമൂഹത്തിന് ക്രൈസ്തവ നിലപാടിനെക്കുറിച്ച് വ്യക്തത നല്‍കേണ്ടത് ഔദ്യോഗിക സഭകളുടെ ബാധ്യതയാണല്ലോ. ഉറകെട്ട ഉപ്പായിത്തീരാതെ സ്വയം കാക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടല്ലോ എന്ന ചോദ്യത്തോടെയാണ് ഫാ. ജോഷി മയ്യാറ്റിലിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Content Highlight: KCBC Bible commission secretary fr.Joshy Mayyattil’s Facebook post against CASA