'ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനമല്ല'; സുപ്രീം കോടതിയുടെ സുപ്രധാന വിധിക്കെതിരെ കെ.സി.ബി.സി
Kerala News
'ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനമല്ല'; സുപ്രീം കോടതിയുടെ സുപ്രധാന വിധിക്കെതിരെ കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 7:51 pm

കൊച്ചി: അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിക്കെതിരെ കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍). അവിവാഹിതരടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്ന് കെ.സി.ബി.സി വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.

ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത് പലര്‍ക്കും പ്രേരണ നല്‍കുമെന്നാണ് കെ.സി.ബി.സിയുടെ വാദം. ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ലെന്നും സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്നതിന് തുല്യമാണെന്നുമാണ് കെ.സി.ബി.സി വിലയിരുത്തല്‍.

അതിനാല്‍ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനും നിയമസംവിധാനങ്ങള്‍ക്കുണ്ടെന്നും കെ.സി.ബി.സി വാര്‍ത്താ കുറിപ്പില്‍ വിശദീകരിക്കുന്നു.

സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യ മഹത്വം കുറച്ചു കാണിക്കുന്നതിന് തുല്യമാണെന്നും ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ലെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു. കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമ സംവിധാനങ്ങള്‍ക്കുണ്ടെന്നും കെ.സി.ബി.സി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

‘ഓരോ ജീവനും ഉത്ഭവം മുതലേ മനുഷ്യവ്യക്തിയാണ്, അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്‌കാരം ഈ സമൂഹത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവന് വിലകല്‍പ്പിക്കാത്ത എല്ലാതരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും’ എന്നാണ് കെ.സി.ബി.സി വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

അതേസമയം, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന വിധി പ്രസ്താവിച്ചത്. 20 മുതല്‍ 24 ആഴ്ച വരെയുള്ള ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന നിലവിലെ നിയമത്തിന്റെ പരിധിയില്‍ അവിവാഹിതരും ഉള്‍പ്പെടുന്നുവെന്നും കോടതി പറഞ്ഞു. ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായ എല്ലാ സ്ത്രീകള്‍ക്കും ഈ വിധി ബാധകമായിരിക്കുമെന്നും വിവാഹം അതിനുള്ള മാനദണ്ഡമാകില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്.

സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രഗ്‌നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി അറിയിച്ചു. ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടംബ ബന്ധത്തെ തകര്‍ക്കുമെന്നും നിരവധി കീഴ്‌ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ദല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു.

Content Highlight: KCBC Against Supreme Court Verdict about abortion to Unmarried women