എഡിറ്റര്‍
എഡിറ്റര്‍
കാര്യവട്ടത്തെ ഇന്ത്യാ-ന്യൂസിലാന്‍ഡ് മത്സരത്തിന് മുമ്പ് ദേശീയഗാനം വെക്കാന്‍ മറന്നു പോയെന്ന് കെ.സി.എ
എഡിറ്റര്‍
Thursday 9th November 2017 3:08pm


കൊച്ചി: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ദേശീയഗാനം പാടിക്കാന്‍ മറന്നു പോയെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും ദേശീയഗാനം ചൊല്ലിയിരുന്നില്ല.

മഴമുലം വൈകിയ മത്സരം തുടങ്ങാനുള്ള തിരക്കിനിടയില്‍ മറന്നു പോയതാണെന്നും ആരും ഓര്‍മ്മിപ്പിച്ചിരുന്നില്ലെന്നും ജയേഷ് ജോര്‍ജ്ജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഗ്രീന്‍ഫീല്‍ഡിലെ ആദ്യ കളിയായിരുന്നു ഇന്ത്യാ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം. മഴ കാരണം രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ കളി എട്ടോവറാക്കി ചുരുക്കിയിരുന്നു.


Read more:   കളി കാര്യവട്ടത്തെത്തുമ്പോള്‍ കയ്യടി കാണികള്‍ക്ക്


ഗ്രൗണ്ടില്‍ മികച്ച ഡ്രൈനേജ് സംവിധാനമൊരുക്കിയതിനാല്‍ മഴതോര്‍ന്ന് ഒരു മണിക്കൂറിനകം കളി തുടങ്ങാന്‍ സാധിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചിരുന്നു.

മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാണികളെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.

‘മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നു. ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുകയാണ്. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീല്‍ഡുമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. കോഹ്‌ലി പറഞ്ഞിരുന്നു.

Advertisement