നാഷണല്‍ ഹെറാള്‍ഡ് കേസ് ആസൂത്രിതമായ കെട്ടുകഥ; രാഹുലിനെയും സോണിയെയും ജനങ്ങളുടെ മുന്നില്‍ മോശക്കാരാക്കാന്‍ ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
Kerala News
നാഷണല്‍ ഹെറാള്‍ഡ് കേസ് ആസൂത്രിതമായ കെട്ടുകഥ; രാഹുലിനെയും സോണിയെയും ജനങ്ങളുടെ മുന്നില്‍ മോശക്കാരാക്കാന്‍ ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 9:24 am

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി.

രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ജനങ്ങളുടെ മുന്നില്‍ മോശമാക്കാനും പാര്‍ട്ടിയെ മോശമാക്കാനും വേണ്ടിയുള്ള ആസൂത്രിതമായ കെട്ടുകഥയാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് അദ്ദേഹം പറഞ്ഞു.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇ.ഡിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഹാജരാകുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

‘കേസ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനെന്നത് വ്യക്തമായിട്ടുള്ള കാര്യമാണ്. 2015ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ കേസ് ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ്. ഒന്നും അതിനകത്ത് ഇല്ല,’ അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകുമ്പോള്‍ പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും എം.പിമാരും പോഷക സംഘടന നേതാക്കളും എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ഇ.ഡി ഓഫീസിലേക്ക് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  36 ഓളം ഇ.ഡി ഓഫീസുകള്‍ക്ക് മുന്നിലാണ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

അതേസമയം സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് വേട്ടയാടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്ന് കെ.സി. വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ 2010ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നത്.

2000 കോടിയലധികം രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ ഏറ്റെടുക്കാന്‍ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണ്. ഇതാണ് പരാതിയുടെ അടിസ്ഥാനം.

എ.ജെ.എല്‍ യങ് ഇന്ത്യ ഏറ്റെടുത്തതില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്നാരോപിച്ച് 2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ദല്‍ഹി കോടതിയില്‍ പരാതി നല്‍കിയത്.

Content Highlights: KC Venugopal MP wants  Sonia Gandhi and Rahul Gandhi to appear before ED in National Herald case