എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഭരണം മാറുമ്പോള്‍ സുരേഷ്‌ഗോപിയുടെ സ്വരം മാറുന്നു: കെ.സി ജോസഫ്
എഡിറ്റര്‍
Friday 8th August 2014 12:37pm

kc-joseph തൃശൂര്‍: മുഖ്യമന്ത്രിയെ വിമര്‍ശിച്ച ചലച്ചിത്ര താരം സുരേഷ് ഗോപിക്ക് മന്ത്രി കെ.സി. ജോസഫിന്റെ മറുപടി. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയിലൂടെ കേരളത്തെയാണ് താരം അപമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ഭരണം മാറുമ്പോള്‍ സുരേഷ് ഗോപിയുടെ സ്വരവും മാറുകയാണ്. ആറന്മുള വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.

ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എവിടെ എയര്‍പോര്‍ട് വേണമെന്നും പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്നും ഉമ്മന്‍ചാണ്ടി പഠിക്കണം. വിവരമില്ലെങ്കില്‍ വിവരമുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നും ജനങ്ങളോട് വിവരക്കേട് വിളിച്ചു പറയരുതെന്നും സുരേഷ് ഗോപി വിമര്‍ശിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കം താരത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ സ്തുതി പാഠകനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മറുപടി നല്‍കി. സുരേഷ് ഗോപി അഭിനയിച്ച അപ്പോത്തിക്കിരിയുടെ ആദ്യപ്രദര്‍ശനം വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

Advertisement