കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ മയക്കുമരുന്ന് സംഘം വെട്ടിക്കൊന്നു
Kerala News
കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ മയക്കുമരുന്ന് സംഘം വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th July 2023, 11:59 pm

ആലപ്പുഴ: കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ അമ്പാടി(22)യാണ് കൊല്ലപ്പെട്ടത്. പുതുപ്പള്ളി പത്തിശേരി സ്വദേശിയാണ് കൊല്ലപ്പെട്ട അമ്പാടി. കഞ്ചാവ്, മയക്കുമരുന്ന് ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

ബൈക്കില്‍ കയറവെ നാലംഗ സംഘമാണ് അക്രമം നടത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പെരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

അമ്പാടിയുടെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐ കേരള പ്രതിഷേധം രേഖപ്പെടുത്തി. മയക്കുമരുന്ന്- ക്വട്ടേഷന്‍ മാഫിയക്കെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമായി തന്നെ തുടരുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

‘ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ശക്തമായ ഇടപെടലുകളില്‍ വിറളി പൂണ്ട ഇത്തരം സംഘങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിവരുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമ്പാടിയുടെ കൊലപാതകം.

മയക്കുമരുന്ന്- ക്വട്ടേഷന്‍ മാഫിയക്കെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമായി തന്നെ തുടരും. നമ്മുടെ സമൂഹത്തെ ഇത്തരം മാഫിയകളില്‍ നിന്നും രക്ഷിക്കുവാനുള്ള ജനകീയമായ പോരാട്ടം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കും,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Kayamkulam DYFI leader hacked to death by quotation group