കഴിഞ്ഞതവണ ക്യാമ്പിലേക്കു മാറി, അപകടമൊഴിവായി; ഇത്തവണ മടിച്ചു, ഫലം വലിയ ദുരന്തം; കവളപ്പാറയിലെ ദുരന്തം മുന്നറിയിപ്പ് അവഗണിച്ചതിനാല്‍
Heavy Rain
കഴിഞ്ഞതവണ ക്യാമ്പിലേക്കു മാറി, അപകടമൊഴിവായി; ഇത്തവണ മടിച്ചു, ഫലം വലിയ ദുരന്തം; കവളപ്പാറയിലെ ദുരന്തം മുന്നറിയിപ്പ് അവഗണിച്ചതിനാല്‍
ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 12:28 pm

നിലമ്പൂര്‍: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ 36 വീടുകളിലെ ആളുകള്‍ കഴിഞ്ഞവര്‍ഷം ഭൂദാനം എല്‍.പി സ്‌കൂളിലെ ക്യാമ്പുകളിലായിരുന്നു. എന്നാല്‍ കഴിഞ്ഞതവണയുണ്ടായ പ്രളയത്തില്‍ ഒന്നും സംഭവിച്ചില്ലെന്ന ആത്മവിശ്വാസത്തില്‍ ഇത്തവണ ക്യാമ്പിലേക്കു പോവാന്‍ അവരില്‍ ഭൂരിഭാഗവും മടിച്ചതാണ് വലിയ ദുരന്തമുണ്ടാകാന്‍ കാരണം.

കഴിഞ്ഞ പ്രളയത്തില്‍ 15 ദിവസത്തോളമാണ് അവര്‍ ക്യാമ്പില്‍ക്കഴിഞ്ഞത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് അന്ന് ഈ വീടുകളിലുള്ളവരെല്ലാം തന്നെ ക്യാമ്പുകളിലേക്കു നീങ്ങിയത്.

കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട വിജയനാണ് ഇക്കാര്യം 24 ന്യൂസിനോട് പറഞ്ഞത്.

ഇത്തവണ ക്യാമ്പുകളിലേക്കു പോകണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രളയത്തില്‍ അപകടമൊന്നുമുണ്ടായില്ലെന്ന ആത്മവിശ്വാസത്തില്‍ പോകാന്‍ ഇവരെല്ലാം തന്നെ മടിക്കുകയായിരുന്നുവെന്നാണു വിജയന്‍ പറഞ്ഞത്.

‘ആളുകള്‍ ഒഴിഞ്ഞുപോവാത്തതിനു കാരണമുണ്ട്. അധികൃതരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. എല്ലാവരോടും ഓടാനും പറഞ്ഞിരുന്നു. അന്നു രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. അതുകൊണ്ട് അപകടമുണ്ടായില്ല.

ഇതായിരിക്കാം വലിയ ദുരന്തങ്ങളൊന്നും ഉണ്ടാവില്ലെന്ന് ആളുകള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിയത്.

കഴിഞ്ഞവര്‍ഷം എല്‍.പി സ്‌കൂളില്‍ ക്യാമ്പുണ്ടായിരുന്നു. 15 ദിവസത്തോളം ആളുകളെയെല്ലാം സംരക്ഷിച്ചിരുന്നു. ഇപ്രാവശ്യം അങ്ങനെ മാറിയിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവായേനെ. ഒഴിപ്പിച്ച ആളുകളുള്ള അതേ മേഖലയിലാണ് രണ്ടാംവര്‍ഷം അപകടമുണ്ടായത്.’- അദ്ദേഹം പറഞ്ഞു.

ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്ന് എസ്.പി അറിയിച്ചു. രക്ഷാദൗത്യത്തിന് തടസം നേരിടുന്നതായും എസ്.പി പറയുന്നു.

ഉരുള്‍പൊട്ടലില്‍ 50 നും 100 നും ഇടയില്‍ ആളുകളെ കാണാതായതായിരുന്നു.

മലയിടിഞ്ഞ് ഭൂദാനം കോളനിക്കു മുകളിലേക്കു പതിക്കുകയായിരുന്നു. കുറേപ്പേരെ നാട്ടുകാര്‍ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

കവളപ്പാറയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുന്നുണ്ട്. അതിന്റെ ഭാഗമായി പാലക്കാട് നിന്ന് എന്‍.ഡി.ആര്‍.എഫ് സംഘം കവളപ്പാറയിലേക്ക് പുറപ്പെട്ടു.

നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 50 നും 100 നും ഇടയില്‍ ആളുകളെ കാണാതായതായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ഏറെ ദു:ഖകരമായ ഒരു വാര്‍ത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തില്‍ പെട്ട കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍,30-ഓളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്.ഏകദേശം അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭ്യമായ വിവരം. മലയുടെ താഴ്‌വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ പെട്ട് ഒലിച്ച് പോയി മണ്ണില്‍ അമരുകയാണുണ്ടായത്.

ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ ഏറെ ദുഷ്‌ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍,അവരെ രക്ഷിക്കാനാകൂ. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. സിഗ്നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.

രാവിലെ മുതല്‍ തന്നെ,ഞാനുള്‍പ്പെടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും.

കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ പ്രദേശത്ത് മല ഇടിച്ചില്‍ ഉണ്ട്. രാത്രിയും ഇത് തുടര്‍ന്നു. ഇന്ന് നേരം പുലര്‍ന്നതിനു ശേഷം മാത്രമാണ് സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് എത്താന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത്.”

ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതിന് തയ്യാറാകുന്നില്ലെന്ന് അറിയുന്നുണ്ട്.

വീടുപേക്ഷിച്ച് പോകുന്നതില്‍ പ്രയാസമുണ്ടാകും. എന്നാല്‍ നഷ്ടപ്പെടുന്നതൊക്കെ പിന്നീട് തിരിച്ചുപിടിക്കാം. അതിന് ജീവന്‍ നിലനിര്‍ത്തുകയാണ് ആദ്യം വേണ്ടത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കണം.’

ചിലയിടങ്ങളില്‍ മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജനും പറഞ്ഞു. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചു. 29997 കുടുംബങ്ങളില്‍ നിന്നായി 108138 പേര്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ജില്ല വാണിയമ്പലം മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ നിലവില്‍ അവര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. പുഴയിലെ ഒഴുക്ക് ശക്തിപ്പെടുന്നത് കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.