കണ്‍മണിയോ അതോ ഖദീജയോ, കണ്‍ഫ്യൂഷനില്‍ സേതുപതി; റൊമാന്റിക് കോമഡി കാതുവാക്കിലെ രണ്ടു കാതലിന്റെ ടീസര്‍
Entertainment news
കണ്‍മണിയോ അതോ ഖദീജയോ, കണ്‍ഫ്യൂഷനില്‍ സേതുപതി; റൊമാന്റിക് കോമഡി കാതുവാക്കിലെ രണ്ടു കാതലിന്റെ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th February 2022, 7:04 pm

നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതലി’ന്റെ ടീസര്‍ പുറത്ത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്‍സും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്താണ് മക്കള്‍ സെല്‍വന്‍ ചിത്രത്തിലെത്തുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജയായുമാണ് ചിത്രത്തില്‍ എത്തുന്നത്.

ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാത്തുവാക്കിലെ രണ്ടു കാതല്‍’.

ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘നാന്‍ പിഴെ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. വിഘ്‌നേഷ് ശിവന്‍ തന്നെ വരികളെഴുതിയ പാട്ടിന് അനിരുദ്ധ് രവിചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. സാക്ഷ തിരുപതിയും രവി. ജിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്ററടക്കം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയും ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍.

Kaathu Vaakula Rendu Kaadhal poster Titanic Vijay Sethupathi Nayanthara Samantha

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

വിഘ്‌നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും.

കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Content Highlight: Kathuvakkula Randu Kathal Trailer