'രണ്ട് മാസത്തേക്ക് സമരം നിര്‍ത്തുന്നു'; പത്ത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് യാസിന്‍ മാലിക്
national news
'രണ്ട് മാസത്തേക്ക് സമരം നിര്‍ത്തുന്നു'; പത്ത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് യാസിന്‍ മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 11:13 am

ശ്രീനഗര്‍: നിരാഹാര സമരം അവസാനിപ്പിച്ച് കശ്മീര്‍ വിഘടന വാദി നേതാവായ യാസിന്‍ മാലിക്. നിരാഹാരമാരംഭിച്ച് പത്ത് ദിവസത്തിന് ശേഷമാണ് യാസിന്‍ സമരമവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. കശ്മീരിലെ നിരോധിത സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ(ജെ.കെ.എഫ്) നേതാവായിരുന്നു യാസിന്‍ മാലിക്.

യാസിന്‍ മാലിക് പ്രതിയായ ഒരു തീവ്രവാദ കേസില്‍ നേരിട്ട് ഹാജരാവാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം നിരാഹാര സമരമാരംഭിച്ചത്. തന്റെ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞതിന് ശേഷം രണ്ട് മാസത്തേക്ക് സമരം നിര്‍ത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ജൂലൈ 22 മുതല്‍ തിഹാര്‍ ജയിലില്‍ നിരാഹാരം നടത്തിയിരുന്ന യാസിന്‍ മാലിക് നിരാഹാര സമരമവസാനിപ്പിച്ചെന്നും, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ഇത് അറിയിച്ചശേഷമാണ് തന്റെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ യാസിന്‍ തയ്യാറായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാഹാരത്തെത്തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞതിനാല്‍ യാസിനെ കഴിഞ്ഞയാഴ്ച ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യയില്‍ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് ജൂലൈ 29 ന് യാസിനെ വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ജൂലൈ 13 ന് ജമ്മു കശ്മീര്‍ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം ഹാജരായപ്പോള്‍, കേസില്‍ തനിക്ക് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചതായി യാസിന്‍ പറഞ്ഞിരുന്നു. മുന്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റുബെയ്യ സയ്യിദിനെ 1989 ല്‍ തട്ടിക്കൊണ്ടുപോയതാണ് യാസിനെതിരെയുള്ള കുറ്റം.

അതേസമയം തനിക്ക് ചികിത്സകളൊന്നും നല്‍കേണ്ടതില്ലെന്ന് യാസിന്‍ ഡോക്ടര്‍മാര്‍ക്ക് കത്തയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദ ഫണ്ടിങ് കേസില്‍ ജീവപര്യന്തം അനുഭവിക്കുകയാണ് യാസിന്‍.

Content Highlight: Kashmiri separatist leader Yasin Malik has ended his hunger strike