കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാവില്ലെന്ന് നിയമോപദേശം
World News
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാവില്ലെന്ന് നിയമോപദേശം
ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 7:29 pm

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ കേസ് നല്‍കിയാല്‍ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം. അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത് സംബന്ധിച്ചുള്ള നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി പാക് സര്‍ക്കാര്‍ നിയമിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പാകിസ്താന്‍ കൈമാറിയിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലും നേരത്തെ നിരസിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് യു.എന്‍ നിലപാടെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഗുട്ടെറസ് വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയത്.

നേരത്തെ ബിയാരിറ്റ്‌സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസഥാന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കാശ്മീരിര്‍ മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നും ജനങ്ങള്‍ പട്ടാളത്തിന്റെ തടങ്കലിലാണെന്നുമായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ വാദം. വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന ആവശ്യവും പാകിസ്ഥാന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പകിസ്ഥാന്റേത് വ്യാജ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ് മറുപടി നല്‍കിയിരുന്നു.