കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; അക്രമം അഴിച്ചുവിടുന്നത് പാക്കിസ്ഥാന്‍; വിഷയത്തില്‍ മോദി സര്‍ക്കാറുമായി അഭിപ്രായ ഭിന്നതയില്ലെന്ന് രാഹുല്‍ ഗാന്ധി
Kashmir Turmoil
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; അക്രമം അഴിച്ചുവിടുന്നത് പാക്കിസ്ഥാന്‍; വിഷയത്തില്‍ മോദി സര്‍ക്കാറുമായി അഭിപ്രായ ഭിന്നതയില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 10:22 am

 

ന്യൂദല്‍ഹി: പല വിഷയത്തിലും മോദി സര്‍ക്കാറുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന കാര്യം വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കശ്മീരില്‍ അക്രമമഴിച്ചുവിടുന്നത് പാക്കിസ്ഥാനാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ജമ്മുകശ്മീരിലെ പ്രശ്‌നങ്ങള്‍ കേന്ദ്രം കൈകാര്യം ചെയ്യുന്നതിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീനഗര്‍ സന്ദര്‍ശിക്കാനായി രാഹുല്‍ ഗാന്ധിയും സംഘവും കശ്മീരിലെത്തിയിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിനു പിന്നാലെ രാഹുലിനെയും സംഘത്തെയും കശ്മീര്‍ പൊലീസ് തടയുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കു പിന്നാലെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനവുമായി രാഹുല്‍ രംഗത്തുവന്നിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മുകശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ പറഞ്ഞ ബോധപൂര്‍വ്വമായ നുണകള്‍ ന്യായീകരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ദുരുദ്ദേശപരമായി വലിച്ചിഴച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

‘ പല വിഷയങ്ങളിലും ഈ സര്‍ക്കാറുമായി എനിക്ക് അഭിപ്രായഭിന്നതയുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ത്തും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ ഇടപെടാന്‍ പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യത്തിനോ അര്‍ഹതയില്ല.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജമ്മുകശ്മീരില്‍ അതിക്രമമുണ്ട്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായി ലോകം കണക്കാക്കുന്ന പാക്കിസ്ഥാനാണ് ജമ്മുകശ്മീരില്‍ അക്രമമഴിച്ചുവിടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്.’ എന്നും രാഹുല്‍ കുറ്റപ്പെടുത്തി.