ഇന്ത്യ പഠിക്കാത്ത കാശ്മീർ പാഠങ്ങൾ
Pulwama Terror Attack
ഇന്ത്യ പഠിക്കാത്ത കാശ്മീർ പാഠങ്ങൾ
കെ.എം സീതി
Monday, 18th February 2019, 4:12 pm

രൂക്ഷമായ രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന സന്നിഗ്ധ ഘട്ടത്തിലാണ് കാശ്മീരിലെ പുല്‍വാമയില്‍ ചവേര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പും, കര്‍ത്താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും നടക്കാനിരിക്കേയാണ് കഴിഞ്ഞ ദിവസം സി.ആര്‍.പി.എഫ് വാഹനത്തിനു നേരെ ആക്രമണമുണ്ടായതും നാല്‍പതോളം ജവാന്മാര്‍ കൊല്ലപ്പെട്ടതും.

മസൂദ് അസ്ഹറിന്റെ നേതൃത്വത്തില്‍, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മസൂദ് അസ്ഹറിനെ 1999ല്‍ ഇന്ത്യ പിടികൂടിയിരുന്നെങ്കിലും, 1999ല്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് റാഞ്ചിയ തീവ്രവാദികളുടെ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ അസ്ഹറിനെ കൈമാറുകയായിരുന്നു.

പുല്‍വാമ അക്രമത്തിന് പിന്നിലുള്ളവരെ ശിക്ഷിക്കുമെന്നും അവരിതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും, അവരുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കാനും, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അക്രമപരമ്പരകള്‍ അഴിച്ചുവിടാനും പാകിസ്ഥാന്‍ സര്‍ക്കാര്‍ അകമഴിഞ്ഞു സഹായിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്റെ സഹായം ഇല്ലെന്ന പാക് വിദേശകാര്യമന്ത്രാലയത്തിന്റെ വാദം ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. “അക്രമം നടത്തിയ ചാവേര്‍ താന്‍ ജെയിഷെ അംഗമാണെന്ന് പറയുന്ന വിഡിയോ ഉള്ളപ്പോള്‍ അന്വേഷണം നടത്തേണ്ട  ആവശ്യം പോലുമില്ല. അക്രമത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് മറ്റ് ദൃശ്യ, ശ്രവ്യ, രേഖാ തെളിവുകളും പുറത്തായിട്ടുണ്ട്”- വിദേശകാര്യം മന്ത്രാലയം പറയുന്നു.

പ്രത്യാക്രമണത്തിന്റെ ഭാഗമെന്നോണം ഗൗരവമായ തീരുമാനങ്ങളാണ് ഇന്ത്യ പാകിസ്ഥാനെതിരെ എടുത്തിരിക്കുന്നത്. പാകിസ്ഥാന് 1996ല്‍ നല്‍കിയ മോസ്റ്റ് ഫേവേര്‍ഡ് നാഷന്‍ പദവി എടുത്തുകളഞ്ഞ ഇന്ത്യ, വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയാന്തരീക്ഷം കണക്കിലെടുത്ത് ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധത്തിന് മുതിരാന്‍ സാധ്യതയില്ല. എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുല്‍വാമ അക്രമത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചേക്കാം.

അതേസമയം, പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശനങ്ങളും ഒരു ഭാഗത്തു നിന്നുയരുന്നുണ്ട്. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ തീരുമാനത്തില്‍ നിന്നും വിഷയത്തിലെ വൈകാരികത കെട്ടടങ്ങുന്നത് വരെയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചതായി മനസ്സിലാക്കാം.

Express Photo by Shuaib Masoodi

2016ലെ ഉറിയില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് പ്രത്യാക്രമണമെന്ന നിലയില്‍ ബി.ജെ.പി സര്‍ക്കാറിന്റെ നേതൃത്തത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. എന്നാല്‍ പ്രത്യാക്രമണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട്, അടിയന്തര പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്ന പാകിസ്ഥാനെ നേരിടല്‍ എളുപ്പമാവില്ല, പ്രത്യേകിച്ച് ഇരു രാജ്യങ്ങള്‍ക്കും ആണവായുധയ ശേഖരവും, അതിനൂതന മിസ്സൈല്‍ സംവിധാനങ്ങളും ഉള്ള സാഹചര്യത്തില്‍.

നിലവില്‍ ഏറ്റവും ഗുരുതരമായിട്ടുള്ളത് കാശ്മീരിലെ ആഭ്യന്തര പ്രതിസന്ധിയാണ്. സംസ്ഥാനത്തെ ബി.ജെ.പി-പി.ഡി.പി സഖ്യം വേര്‍പെട്ടത് ജമ്മു കാശ്മീരിനെ രാഷ്ട്രീയ അനിശ്ചിതത്തത്തിലേക്ക് തള്ളിവിട്ടിരുന്നു. താഴ്വരയില്‍ വെടിനിര്‍ത്തല്‍ തുടരണമെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആവശ്യമാണ് സഖ്യം പിരിയാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ഇതിന് തൊട്ടു മുമ്പാണ് പ്രമുഖ മാധ്യപ്രവര്‍ത്തകനും റൈസിങ്ങ് കശ്മീര്‍ എഡിറ്ററുമായ ശുചാത് ബുഖാരി അദ്ദേഹത്തിന്റെ ഓഫീസിനു മുന്നില്‍ വെടിയേറ്റു മരിച്ചത്.

മുഫ്തി സര്‍ക്കാര്‍ ക്യാബിനറ്റിലെ അംഗത്തിന്റെ സഹോദരന്‍ കൂടിയായ ബുഖാരിയുടെ കൊലപാതകം മുഫ്തി സര്‍ക്കാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെട്ടു. ആകസ്മികമായി അതേ ദിവസം തന്നെയാണ് ജമ്മു കാശ്മീരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് പുറത്തു വന്നത്.  കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ചില പ്രദേശങ്ങളില്‍ നിന്നു മാത്രം ശേഖരിച്ച തെളിയിക്കപ്പെടാത്ത വസ്തുതകളെ അടിസ്ഥാനമാക്കി നിര്‍മിച്ച റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടി നിരാകരിക്കുകയായിരുന്നു.

ജമ്മു കാശ്മീരിലും അസാദ് കശ്മീരിലും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന പ്രസ്തുത റിപ്പോര്‍ട്ടിലെ ആവശ്യവും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുമ്പും തള്ളിക്കളഞ്ഞിരുന്നു.

പ്രതിരോധിക്കുന്ന സാധാരണക്കാര്‍ക്കെതിരെയുള്ള സൈന്യത്തിന്റെ പെല്ലറ്റാക്രമണം ജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. പരിക്കേല്‍ക്കുന്ന, കാഴ്ച നഷ്ടപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. 2016 മുതല്‍ 2018 വരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ താഴ്‌വരയിലെ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് സമാന്തരമായി താഴ് വരയിലെ വിഘടനാവദികളുടെ ശക്തിയും വര്‍ധിച്ചതായി കാണാം. ഈ കാലയളവില്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു. ഇത്തരം ആക്രമണങ്ങളില്‍ 32 സ്‌കൂളുകള്‍ സംസ്ഥാനത്ത് തകര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പാക് അധീന മേഖലയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് തട്ടിക്കൊണ്ടു പോകല്‍, ലൈംഗീക പീഡനം, തുടങ്ങി മറ്റു മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകള്‍ക്ക് കാശ്മീരില്‍ 1980 മുതല്‍ ശക്തവും സുസ്ഥിരവുമായ അടിത്തറ ഉണ്ട്. കാലനുസൃതമായി ഇത്തരം ഗ്രൂപ്പുകള്‍ സംസ്ഥാനത്തെ തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ലക്ഷറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ സംഘടനകളാണ് ഈ പ്രദേശങ്ങളില്‍ ശക്തമായുള്ളത്.

പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്ക് യാതൊരു തരത്തിലുള്ള പിന്തുണയും തങ്ങള്‍ നല്‍കുന്നില്ലെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, യു.എന്‍ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ സൈന്യം നിയന്ത്രണ മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി-പി.ഡി.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ടാമതും ഗവര്‍ണര്‍ ഭരണം വന്നതോടെ ജമ്മു കാശ്മീരിന്റെ മേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ അധികാരവും വര്‍ധിച്ചു. എന്നാല്‍ ജെയ്‌ഷെ മുഹമ്മദിന്റെ ആക്രമണം കേന്ദ്രത്തിന്റെ കശ്മീര്‍ പോളിസിയേയും പാകിസ്ഥാനുമായുണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവത്തെയും ചോദ്യം ചെയ്യുന്നുണ്ട്.

ഇന്ത്യയും പാകിസ്ഥാനും വാജ്‌പേയ് ഭരണകാലത്ത് ഒപ്പു വെച്ച ലാഹോര്‍ ഡിക്ലറേഷന്റെ ഇരുപതാം വാര്‍ഷികത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവായുധ പ്രതിസന്ധി രൂക്ഷമായിരുന്ന 1999 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും ലാഹോര്‍ കരാര്‍ ഒപ്പു വെക്കുന്നത്.

 

ജമ്മു കശ്മീര്‍ ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നായിരുന്നു കരാറിന്റെ മുഖ്യ അജണ്ട. തീവ്രവാദത്തെ ഇരു രാജ്യങ്ങളും ഗൗരവമായി കാണുമെന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കരാറില്‍ പറയുന്നു. എന്നാല്‍ കരാറൊപ്പിട്ട  മഷി ഉണങ്ങും മുമ്പ് കശ്മീരില്‍ പാകിസ്ഥാന്‍ അനധികൃതമായി നുഴഞ്ഞു കയറുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരികയും ഇത് കാര്‍ഗില്‍ യുദ്ധത്തിന് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണം, കാര്‍ഗില്‍ യുദ്ധത്തില്‍ നിന്നും ഇന്ത്യ ഒന്നും തന്നെ പഠിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. സമാന്ത ശ്രേണികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനും, ഇത്തരം ഒരു സാഹചര്യത്തിലേക്ക് നയിക്കാതിരിക്കാനുള്ള സമാന്യ മുന്നൊരുക്കങ്ങള്‍ എടുക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

വിവര്‍ത്തനം: മുഹമ്മദ് ഫാസില്‍

കവര്‍ ചിത്രം:  syed shahriyar

കെ.എം സീതി
എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്‌സ് വിഭാഗം അധ്യാപകനാണ് ലേഖകന്‍. kmseethimgu@gmail.com