Administrator
Administrator
നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് എന്തിന്?
Administrator
Thursday 11th August 2011 4:37pm
Thursday 11th August 2011 4:37pm

2009 നംവംബര്‍ 15 വൈകീട്ട് 4.30 നോടടുത്ത സമയം. കാസര്‍കോഡ് ടൗണില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണച്ചടങ്ങ് നടക്കാനിരിക്കയാണ്. നിരവധി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ടൗണിന്റെ ഒരു ഭാഗത്ത് നിന്ന് പ്രകടനം തുടങ്ങി. പ്രകോപനരമായ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

പെട്ടെന്ന് തന്നെ കാസര്‍കോഡ് ടൗണ്‍ കലാപ ഭൂമിയായി. പോലീസും ലീഗ് പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. സമീപത്തെ രണ്ട് ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസ് വെടിവെപ്പിലും കത്തിക്കുത്തിലും രണ്ട് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡീഷ്വല്‍ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജസ്റ്റിസ് നിസാര്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോള്‍ കമ്മീഷന്‍ കാലാവധി നീട്ടിക്കൊടുത്തു. എന്നാല്‍ പിന്നീട് കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ ആരോപണമുയര്‍ന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വല്‍ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ രാഷട്രീയ സാമൂഹിക രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്. മലബാറില്‍ വര്‍ഗ്ഗീയ കലാപത്തിന് ലീഗ് പദ്ധതിയിട്ടിരുന്നതായി അന്നത്തെ പോലീസ് എസ്.പിയായിരുന്ന രാംദാസ് പോത്തന്‍ നിസാര്‍ കമ്മീഷന് മൊഴി നല്‍കിയെന്ന വാര്‍ത്തയാണത്. പുതിയ വെളിപ്പെടുത്തലുകള്‍ നിസാര്‍ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കയാണ്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് എന്തിന്?

എന്‍. കെ. അബ്ദുള്‍ അസീസ്(നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന സെക്രട്ടറി)

മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് കാലാകാലങ്ങളായി നടത്തുന്ന അല്ലെങ്കില്‍ നടപ്പിലാക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ഒരു എപ്പിസോഡാണ് കാസര്‍കോഡ് കണ്ടത്. കാസര്‍കോഡ് അത് വെടിവെപ്പില്‍ അവസാനിച്ചു.

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്താണ് കാസര്‍കോഡ് വെടിവെയ്പ്പ് അന്വേഷിക്കാനായി നിസാര്‍ കമ്മീഷനെ നിയോഗിച്ചത്. യു. ഡി. എഫ് ഗവണ്‍മെന്റ് അധികാരമേറ്റ് ജൂണില്‍ കമ്മീഷന്റെ കാലാവധി ആറു മാസം നീട്ടിക്കൊടുത്തു. പക്ഷേ, ജൂലായ് മാസത്തില്‍ അന്വേഷണ കമ്മീഷനെ ദുരൂഹമായി മരവിപ്പിക്കുകയാണ് ചെയ്തത്.

അന്വേഷണ കമ്മീഷനെ പിരിച്ചു വിട്ടതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നതാണ്. കമ്മീഷനു മുന്‍പില്‍ നല്‍കിയ മൊഴികള്‍ പുറത്തു വന്നതോടെ ആ സംശയങ്ങള്‍ ബലപ്പെടുകയാണ്. വര്‍ഗ്ഗീയ കലാപത്തിന് നേതൃത്വം നല്‍കിയ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളെ സംരക്ഷിക്കുന്നതിനാണ് അന്വേഷണ കമ്മീഷനെ പിരിച്ചു വിട്ടത് എന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

സതീഷ് ചന്ദ്രന്‍, സി.പി.ഐ.എം കാസര്‍കോഡ് ജില്ലാ സെക്രട്ടറി

കാസര്‍കോഡ് വെടിവെയ്പുമായി ബന്ധപ്പെട്ട് പോലീസുകാരുടെ മൊഴി മുസ്‌ലിം ലീഗിന് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. കമ്മീഷനെ പിരിച്ചുവിട്ടപ്പോഴുണ്ടായ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ഇവരുടെ മൊഴി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്ന മുസ്‌ലിം ലീഗിന്റെ ആവശ്യപ്രകാരമാണ് ഈ സംഭവത്തില്‍ നിസാര്‍ കമ്മീഷനെ നിയോഗിച്ചത്.

ചെര്‍ക്കളം അബ്ദുല്ലയുള്‍പ്പടെയുള്ള ലീഗ് നേതാക്കളാണ് കേസില്‍ ജുഡീഷ്യറി അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം നിയോഗിക്കപ്പെട്ടിരുന്ന കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വ്യക്തമായൊരു കാരണം കൂടാതെ സര്‍ക്കാര്‍ കമ്മീഷന്‍ പിരിച്ചുവിടുന്നത്. പ്രതിപക്ഷത്തിരുന്നവര്‍ ഭരണപക്ഷത്തെത്തിയപ്പോള്‍ കമ്മീഷനെ പിരിച്ചുവിട്ട നടപടിയോട് സി.പി.ഐ.എം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വന്നാല്‍ പല ലീഗ് നേതാക്കളും പ്രതികളാകും. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അന്വേഷണകാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കമ്മീഷനെ പിരിച്ചുവിട്ടതെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. അന്നത്തെ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നത്. സംഭവവുമായ ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമാണ് കമ്മീഷന്റെ പിരിച്ചുവിടലിനു കാരണമെന്നാണ് മുസ്‌ലിം ലീഗിന്റെ വിശദീകരണം. ഇതിനെ മുടന്തന്‍ ന്യായമായിട്ടേ കാണാനാവു. പ്രതിപക്ഷത്തിരുന്നപ്പോള്‍ തങ്ങള്‍ തന്നെയാണ് ജുഡീഷ്യറി അന്വേഷണം വേണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചതെന്ന കാര്യം നേതാക്കള്‍ മനപ്പൂര്‍വം വിസ്മരിക്കുകയാണ്.

ചെര്‍ക്കളം അബ്ദുല്ല, മുസ്‌ലിം ലീഗ് നേതാവ്

കാസര്‍കോഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവന്ന ജസ്റ്റിസ് നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് നീതിയുക്തമായ അന്വേഷണം നടക്കില്ല എന്നതുകൊണ്ടാണ്. കമ്മീഷന്റെ തലപ്പത്തുള്ള നിസാര്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സഹയാത്രികനാണ്. അദ്ദേഹത്തില്‍ നിന്നും സ്വതന്ത്രമായ ഒരു അന്വേഷണം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലീം ലീഗ് അവിടെ യാതൊരു വിധത്തിലുള്ള അക്രമങ്ങള്‍ക്കും പദ്ധതിയിട്ടിട്ടില്ല. കേരളത്തിലെവിടെയും ഒരു തരത്തിലുമുള്ള അക്രമണങ്ങള്‍ നടത്താനും മുസ്‌ലീം ലീഗ് ശ്രമിച്ചിട്ടില്ല. ഞങ്ങളുടേത് സമാധാനത്തിന്റെ മാര്‍ഗമാണ്. സ്‌നേഹവും, സമാധാനവും, സാഹോദര്യവും വളര്‍ത്തുക എന്ന ഇസ്‌ലാമിക സന്ദേശം അടിയുറച്ച് വിശ്വസിക്കുന്നവരാണ് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍. ഒരു തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല.

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് മുസ്‌ലീം ലീഗിന് ഭയമുള്ളതുകൊണ്ടല്ല. നിസാറില്‍ നിന്നും നീതി ലഭിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ്. കാസര്‍കോട് കലക്ടറേറ്റില്‍ കമ്മീഷന്‍ നടത്തിയ ആദ്യ സിറ്റിംഗ് ലീഗ് ബഹിഷ്‌കരിച്ചിരുന്നു. കമ്മീഷന്‍ മാത്രം കലക്ടറേറ്റില്‍ ഇരിക്കുന്ന പടം പിറ്റേദിവസത്തെ പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. കമ്മീഷനു മുമ്പില്‍ തെളിവുകള്‍ നല്‍കാന്‍ ആരും വരാതിരുന്നതുതന്നെ കമ്മീഷനിലുള്ള വിശ്വാസമില്ലായ്മ വ്യക്തമാക്കുന്നതാണ്. രണ്ടാമത്തെ സിറ്റിംഗ് ജൂലൈ അവസാനം നടത്താനിരുന്നതാണ്. അതും ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ജൂലൈ 26നാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്.

അന്നത്തെ എസ്.പിയായിരുന്ന രാംദേവ് പോത്തന്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. അഗ്രസീവായ 500 ഓളം വരുന്ന ആളുകള്‍ ആക്രമണം നടത്തുകയാണുണ്ടായതെന്നും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനാലാണ് വെടിവെച്ചതെന്നുമാണ് രാംദാസ് പോത്തന്‍ പറയുന്നത്. 500 ഓളം വരുന്ന മോബിനുനേരെ മൂന്ന് റൗണ്ട് വെടിവച്ചിട്ട് ഒരു ഷഫീഖ് മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹം കരുതിക്കൂട്ടി വെടിവയ്ക്കുകയായിരുന്നു എന്നത് വ്യക്തമാണ്. അതിനു പിന്നിലെ ഉദ്ദേശം എന്തായിരുന്നെന്ന് എനിക്കറിയില്ല.

കാസര്‍കോഡുള്ള ക്ഷേത്രം മുസ്‌ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന റിപ്പോര്‍ട്ട് ശരിയല്ല. ലീഗ് പ്രവര്‍ത്തകരാരും തന്നെ ക്ഷേത്രം ആക്രമിച്ചിട്ടില്ല. ക്ഷേത്രം ആക്രമിക്കപ്പെട്ടോയെന്നും എനിക്കറിയില്ല. സമാധാനപരമായി സ്വീകരണപരിപാടി നടത്തുകയായിരുന്നു തങ്ങള്‍. പരിപാടി നടക്കുന്ന വേദിയില്‍ നിന്ന് കുറച്ചുമാറിയാണ് അക്രമസംഭവങ്ങള്‍ നടന്നത്. ഇതിന് ലീഗിനെ എങ്ങനെ കുറ്റപ്പെടുത്താനാവും.

ഇക്കാര്യത്തില്‍ മുന്‍ ഗവണ്‍മെന്റിന്റെ സമീപനം സംശയാസ്പദമാണ്. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. നിസാര്‍ കമ്മീഷന്റെ അന്വേഷണം മതിയെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്. സി.ബി.ഐ അന്വേഷണം വന്നാല്‍ സത്യം പുറത്തുവരുമെന്ന് സി.പി.ഐ.എമ്മിന് അറിയാമായിരുന്നു.

കെ.ആര്‍ സാജു, റിപ്പോര്‍ട്ടര്‍ ടിവി

നിലവില്‍ പിരിച്ചുവിടപ്പെട്ട നിസാര്‍ കമ്മീഷന്‍ പരിശോധിച്ച മൊഴികളുടേയും, കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെയും, കേസിലുള്‍പ്പെട്ട പോലീസുകാര്‍ നല്‍കിയിട്ടുള്ള സത്യാവാങ്മൂലങ്ങളുടെയും അടിസ്ഥാനത്തില്‍ കാസര്‍കോടുണ്ടായ സംഭവങ്ങള്‍ ലീഗ് നേതാക്കള്‍ക്കു നേരെയാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാര്യം മനസിലാക്കികൊണ്ട് മുന്‍കരുതലെന്ന നിലയ്ക്കാണ് ലീഗ് നേതാക്കള്‍ കമ്മീഷനെ പിരിച്ചുവിട്ടതെന്നാണ് ഞങ്ങളുടെ കൈവശം ലഭിച്ചിരിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുന്നത്.

ജസ്റ്റിസ് നിസാര്‍ കമ്മീഷന്റെ അന്വേഷണം നീതിപൂര്‍വ്വമാകില്ല എന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മാത്രമല്ല 1993 ലെ സുപ്രീം കോടതി വിധിപ്രകാരം അന്വേഷണ കമ്മീഷനെ പിരിച്ചുവിടാനോ, അതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കാനോ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനോ ഉള്ള അധികാരം സര്‍ക്കാരിനില്ല. കമ്മീഷന്റെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ സര്‍ക്കാരിന് പിരിച്ചുവിടാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിസാര്‍ കമ്മീഷന്റെ കാര്യത്തില്‍ ഇതും ബാധകമല്ല. കാരണം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജൂണ്‍ 25 ന് നിസാര്‍ കമ്മീഷന് 6 മാസത്തെ കാലവധി നീട്ടിനല്‍കുകയുണ്ടായി. ഇതേ സര്‍ക്കാര്‍ തന്നെ ജൂലൈയില്‍ നിസാര്‍ കമ്മീഷനെ പിരിച്ചുവിടുകയാണുണ്ടായത്. അതിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടുമില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.

നിസാര്‍ കമ്മീഷനെ പിരിച്ചുവിടുന്നതായുള്ള മന്ത്രിസഭാ തീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ പറയുന്നത് ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടുന്നതെന്നാണ്. അങ്ങനെയൊരു റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് കേരളജനതയുടെ മുമ്പില്‍ വയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നീതിയുക്തമോ അല്ലയോ എന്ന് പറയേണ്ടത് റിപ്പോര്‍ട്ട് പുറത്തുവന്നശേഷമാണ്. കമ്മീഷന്‍ നല്‍കാനിരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതെല്ലാം ശരിയാണെന്നല്ല ഞാന്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നശേഷം അതില്‍ അപാകതയുണ്ടെങ്കില്‍ സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാം. റിപ്പോര്‍ട്ട് മരവിപ്പിക്കുകയോ നിയമനപടികളുമായി മുന്നോട്ടുപോകുകയോ ചെയ്യാം. ഇതിനൊന്നും തയ്യാറാവാതെ തിടുക്കത്തില്‍ നിസാര്‍ കമ്മീഷനെ പിന്‍വലിച്ച നടപടി അക്രമങ്ങളില്‍ ലീഗിന് പങ്കുണ്ടെന്ന സംശയത്തിന് ബലം വയ്ക്കുന്നതാണ്.

അരവിന്ദന്‍ മാണിക്കോത്ത്, ലേറ്റസ്റ്റ് ദിനപത്രം, കാസര്‍കോഡ്

മുസ്ലീം ലീഗ് ഒരു സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു എന്നത് സത്യമാണ്. കാരണം സംഘര്‍ഷം നടന്ന അന്ന് 407 നമ്പര്‍ മിനി ലോറിയില്‍ ഒരു കൂട്ടം യുവാക്കള്‍ കല്ലുകള്‍ ചാക്കിലാക്കി കൊണ്ടുപോയതായി ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കല്ലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ഇത് പക്ഷെ അന്നത്തെ എല്‍ ഡി എ്ഫ് സര്‍ക്കാറിനെതിരെയുള്ള ആക്രമണമായി കാണാന്‍ കഴിയില്ല. കാരണം അന്ന് ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളൊന്നും സി.പി.ഐ.എമ്മിന്റെതായിരുന്നില്ല. ഹൈന്ദവ ക്ഷേത്രവും മറ്റുമാണ് ആക്രമിച്ചത്.

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതില്‍ ദുരൂഹതയുണ്ടെന്ന കാര്യം ഉറപ്പാണ്. റിപ്പോര്‍ട്ട് പുറത്തു വന്നാലുണ്ടാകുന്ന പ്രത്യാഘാതം ഭയന്നായിരിക്കണം അങ്ങനെ ചെയ്തത്. കാസര്‍ഗോഡ് കേസില്‍ രണ്ട് യു.ഡി.എഫ് എം.എല്‍.എ മാര്‍ ഇടപെടുന്നതായും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. കാസര്‍ഗോഡ് കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു സംഘം യുവാക്കളെ തട്ടികൊണ്ടുപോയിരുന്നു. സ്ഥലത്തെ പ്രമുഖരായ ഭൂമാഫിയാ സംഘമായിരുന്നു ഇതിന് പിന്നില്‍. ഇവരുടെ വീടുകളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എം.എല്‍.എ മാരുടെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ഇതും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിക്കൈ കമ്മാരന്‍, ബി.ജെ.പി നേതാവ്

കാസര്‍ഗോഡ് വെടിവെപ്പിനെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കാരണം, ഈ വാര്‍ത്ത പ്രതിക്കൂട്ടിലാക്കുന്നത് മുസ്‌ലിം ലീഗിനെപ്പോലോത്ത ഒരു പാര്‍ട്ടിയെയാണ അന്ന് ആ സമ്മേളനത്തില്‍ പങ്കെടുത്തത് മുസ്ലിം ലീഗിന്റെ സമുന്നതരായ രണ്ട് നേതാക്കളാണ്. തളിപ്പറമ്പിലും നാദാപുരത്തുമടക്കം മലബാര്‍ മേഖലയാകെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആ പാര്‍ട്ടി ശ്രമിച്ചു. ഇതിനെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണം.

ഈ പ്രശ്‌നത്തില്‍ ലീഗും കോണ്‍ഗ്രസ്സും ആവിശ്യപ്പെട്ട അന്വേഷണം അധികാരത്തിലേറിയപ്പോള്‍ അവര്‍ തന്നെ മരവിപ്പിച്ചിരിക്കുകയാണ്. ഗൂഢാലോചനയിലെ ലീഗ് നേതാക്കളുടെ പങ്ക് പുറത്തു വരുമെന്നായപ്പോഴാണ് ഇവര്‍ അന്വേഷണ കമ്മീഷന്‍ പിരിച്ചു വിട്ടിരിക്കുന്നത്. ഇത് ഒരിക്കലും അനുവദിച്ചു കൂടാ.

RIOT’S VIDEO