കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍; മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍
periya murder case
കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍; മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 5:08 pm

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്ന വീട്ടില്‍ രാഹുല്‍ ഗാന്ധിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ അച്ഛന്റെ പ്രതികരണം. രാഹുലിന്റെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ ആശ്വസമാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

Also Read : കാസര്‍ഗോഡ് ആത്മീയതയുടെ മറവില്‍ വന്‍ ചികിത്സാ തട്ടിപ്പ്; ഇരയായത് ആയിരക്കണക്കിന് രോഗികള്‍

കൃപേഷിന്റെ സഹോദരിയുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും കൃപേഷിന്റെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഇന്ന് ഉച്ചയ്ക്കാണ് കാസര്‍ഗോഡ് പെരിയയില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം 17നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ശരത്(27), കൃപേഷ്(21)എന്നിവര്‍ കൊല്ലപ്പെട്ടത്. കേസില്‍ സി.പി.ഐ.എം ലോക്കല്‍കമ്മറ്റി അംഗം എ പീതാംബരന്‍, സജി ജോര്‍ജ് എന്നിവരടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അതിനാല്‍ സി.ബി.ഐക്ക് കൈമാറണമെന്നും പ്രതിപക്ഷവും കുടുംബവും ആവശ്യപ്പെട്ടിരുന്നു.