എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ പ്രശ്‌നം: പ്രമേയത്തെ പിന്തുണച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഡി.എം.കെ
എഡിറ്റര്‍
Saturday 16th March 2013 12:25am

ചെന്നൈ: ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കക്കെതിരായ അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഡി.എം.കെയുടെ മുന്നറിയിപ്പ്.

Ads By Google

ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരേ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. അല്ലാത്തപക്ഷം സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നാണ് മുന്നറിയിപ്പ്.

എല്‍.ടി.ടി.ഇ പോരാളികള്‍ക്കെതിരേ രാജപക്‌സെ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയാണ് അമേരിക്ക പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ 18 എം.പിമാരുള്ള ഡി.എം.കെയാണ് രണ്ടാമത്തെ വലിയ കക്ഷി.

ലങ്കയിലെ ആഭ്യന്തരയുദ്ധ സമയത്ത് സൈന്യം എല്‍.ടി.ടി.ഇക്കെതിരെ നടത്തിയ മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് യു.എസ് പ്രമേയം അവതരിപ്പിച്ചത്.

ലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ അതിക്രമങ്ങളില്‍ സ്വതന്ത്രാന്വേഷണം, ലങ്കയില്‍ കൂട്ടക്കുരുതി നടത്തിയവര്‍ക്കെതിരെ നടപടി, കുറ്റവാളികളായ സൈനികര്‍ക്കു രാജ്യാന്തര കോടതിയില്‍ വിചാരണ എന്നീ കാര്യങ്ങള്‍ കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തി ഭേദഗതി നടത്തണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

എല്‍.ടി.ടി.ഇ. നേതാവ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ സൈന്യം കസ്റ്റഡിയിലെടുത്തശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള ചാനല്‍ ഫോര്‍ ടെലിവിഷന് വേണ്ടി കല്ലം മാക്‌റെ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലാണ് പ്രഭാകരന്റെ 12 വയസ്സ് മാത്രം പ്രായമുള്ള മകനെ കരുതിക്കൂട്ടി വധിച്ചതാണെന്ന് ആരോപിച്ചിട്ടുള്ളത്.

ഇത് സാധൂകരിക്കുന്ന ചിത്രങ്ങള്‍ ‘നോ വാര്‍ സോണ്‍: ദി കില്ലിങ് ഫീല്‍ഡ്‌സ് ഓഫ് ശ്രീലങ്ക’ എന്ന ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement