മത്സരത്തില്‍ 82 പന്ത് നേരിട്ട് പുറത്താകാതെ 122 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. 13 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ടൂര്‍ണമെന്റില്‍ ഇത് അഞ്ചാം തവണയാണ് കരുണ്‍ നായര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. കളിച്ച ആറ് ഇന്നിങ്‌സുകളില്‍ നിന്നും 664.00 ശരാശരിയില്‍ നേടിയത് 664 റണ്‍സ്!
ടൂര്‍ണമെന്റില്‍ ആറ് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത താരം അഞ്ച് സെഞ്ച്വറികളും നേടിയിരുന്നു. ഉത്തര്‍പ്രദേശിനെതിരെ മാത്രമാണ് കരുണ്‍ നായരിനെ പുറത്താക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചത്. ഉത്തര്‍പ്രദേശിനെതിരെ 101 പന്തില്‍ നിന്നും 112 റണ്‍സാണ് വിദര്‍ഭ നായകന്‍ സ്വന്തമാക്കിയത്.
തമിഴ്നാടിനെതിരെ തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സ് താരം അടിച്ചെടുത്തു. ചണ്ഡിഗഡിനെതിരെ പുറത്താകാതെ 163 റണ്‍സ് നേടിയ താരം ഛത്തീസ്ഗഡിനെതിരെ 44* റണ്‍സും ജമ്മു കശ്മീരീനെതിരെ 112* റണ്‍സും സ്വന്തമാക്കി.
🚨 Record Alert 🚨
Vidarbha captain Karun Nair has now hit the joint-most 💯s in a season in the #VijayHazareTrophy, equalling N Jagadeesan’s (2022-23) tally of 5 centuries! 😮
വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കിയിട്ടും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ കരുണ്‍ നായര്‍ വിസ്മൃതിയിലേക്ക് ആണ്ടുപോവുകയായിരുന്നു.
എന്നാല്‍ തന്നെ അങ്ങനെയൊന്നും മറക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് തന്റെ പ്രകടനങ്ങളിലൂടെ താരം അടയാളപ്പെടുത്തുകയാണ്.
അതേസമയം, ഞായറാഴ്ച നടന്ന മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ എതിരാളികളെ ബാറ്റിങ്ങിനയച്ചു. കാര്‍ത്തിക് ശര്‍മ, ശുഭം ഗര്‍വാള്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടി.
ദീപക് ഹൂഡ (49 പന്തില്‍ 45), ക്യാപ്റ്റന്‍ മഹിപാല്‍ ലോംറോര്‍ (45 പന്തില്‍ 32), ദീപക് ചഹര്‍ (14 പന്തില്‍ 31) എന്നിവരുടെ പ്രകടനവും രാജസ്ഥാന്‍ നിരയില്‍ നിര്‍ണായകമായി.
വിദര്‍ഭയ്ക്കായി യാഷ് താക്കൂര്‍ നാല് വിക്കറ്റ് നേടി. നചികേത് ഭൂട്ടെ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഹര്‍ഷ് ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ദീപക് ഹൂഡ റണ്‍ ഔട്ടായും മടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 92 റണ്‍സാണ് ധ്രുവ് ഷൂരെയും യാഷ് റാത്തോഡും ചേര്‍ത്തുവെച്ചത്. 49 പന്തില്‍ 39 റണ്‍സ് നേടിയ റാത്തോഡിനെ പുറത്താക്കി അജയ് സിങ് കൂട്ടുകെട്ട് പൊളിച്ചു.