കോണ്‍ഗ്രസ് ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; വടകരയിലും വയനാട്ടിലും ഇത്തവണയും പ്രഖ്യാപനമില്ല
D' Election 2019
കോണ്‍ഗ്രസ് ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; വടകരയിലും വയനാട്ടിലും ഇത്തവണയും പ്രഖ്യാപനമില്ല
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 6:46 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പത്ത് സ്ഥാനാര്‍തികളുടെ പേരുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ ഒമ്പതാം ലിസ്റ്റിലും പ്രഖ്യാപിച്ചിട്ടില്ല.

ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രമുഖരായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ മത്സരിക്കും. ബി.കെ ഹരിപ്രസാദ് ബംഗളൂരു സൗത്തിലും താരീഖ് അന്‍വര്‍ ബീഹാറിലെ കട്ടിഹാറിലും മത്സരിക്കും.

രാഹുല്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന മണ്ഡലങ്ങളാണ് ബംഗളൂരു സൗത്തും ശിവഗംഗയും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സൂചന നല്‍കുമ്പോഴാണ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പുതിയ പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേ സമയം കേരളത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ഗാന്ധി തീരുമാനമെടുക്കുന്നതിന് മുന്‍പ് സംഭവം വിവാദമാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ രംഗത്തെത്തിയിരുന്നു. തന്റെ അറിവില്‍ രാഹുല്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടില്ലെന്ന് പി.സി ചാക്കോ പ്രതികരിച്ചിരുന്നു.