സിനിമ പാരമ്പര്യമില്ല, ഒരു പരാജയം പോലും എന്റെ ബോളിവുഡ് കരിയര്‍ ഇല്ലാതെയാക്കാം: കാര്‍ത്തിക് ആര്യന്‍
Film News
സിനിമ പാരമ്പര്യമില്ല, ഒരു പരാജയം പോലും എന്റെ ബോളിവുഡ് കരിയര്‍ ഇല്ലാതെയാക്കാം: കാര്‍ത്തിക് ആര്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd September 2022, 3:41 pm

ബോളിവുഡാകെ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി ഇറങ്ങുന്ന സിനിമകള്‍ പരാജയപ്പെടുന്നതും ബോയ്‌കോട്ട് ക്യാമ്പെയ്‌നുകളും ബോളിവുഡിനെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

ഈ വര്‍ഷം ആലിയ ഭട്ടിന്റെ ഗംഗുഭായി കത്യാവാഡിയും കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗവുമാണ് കാര്യമായ വിജയം നേടിയത്. ഇതില്‍ തന്നെ ഭൂല്‍ ഭുലയ്യ ലോകമെമ്പാടുനിന്നും 266 കോടി നേടി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം നേടിയ ബോളിവുഡ് ചിത്രവുമായി.

സിനിമാ പാരമ്പര്യങ്ങളില്ലാതെ ഇന്‍ഡസ്ട്രിയിലേക്ക് വന്ന കാര്‍ത്തിക് ആര്യന്‍ ഇന്ന് ബോളിവുഡിലെ ഏറ്റവും സക്‌സസ്ഫുള്ളായ ആക്ടേഴ്‌സിലൊരാളാണ്.

ബോളിവുഡില്‍ സിനിമാ പാരമ്പര്യമില്ലാതെ നിലനില്‍ക്കുന്നതിനെ പറ്റി സംസാരിക്കുകയാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് ആര്യന്‍.

‘എന്റെ പിന്നില്‍ നില്‍ക്കാന്‍ ആരുമില്ല. സിനിമ പാരമ്പര്യമുള്ളയാള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ വരുമ്പോള്‍ എന്താണ് ഫീല്‍ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ പുറത്ത് നിന്ന് വന്നയാളെന്ന് നിലയില്‍ ഒരു പരാജയം പോലും സംഭവിച്ചാല്‍ അതെന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാമെന്ന ധാരണ ഉണ്ടാക്കിയേക്കാം. എനിക്ക് വേണ്ടി മറ്റൊരു ലെവലില്‍ നില്‍ക്കുന്ന പ്രോജക്റ്റ് നിര്‍മിക്കാന്‍ പറ്റിയ ആരും ഇല്ല,’ കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

അടുത്തിടെ ഭൂല്‍ ഭുലയ്യ 2 കോമിക് ബുക് സീരിസ് ആയി ഇറക്കുമെന്ന് കാര്‍ത്തിക് പ്രഖ്യാപിച്ചിരുന്നു. തന്റെ കുട്ടി ആരാധകര്‍ക്ക് വേണ്ടിയാണ് ഇതെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ടി-സീരീസും സിനി1 സ്റ്റുഡിയോയും ഡയമണ്ട് കോമിക്സുമായി കൈകോര്‍ത്താണ് ഭൂല്‍ ഭുലയ്യ കോമിക് ബുക്ക് സീരിസ് പുറത്തറക്കുന്നത്.

സത്യപ്രേം കി കഥ, ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ ഇന്ത്യ, ശശാങ്ക ഘോഷിന്റെ ഫ്രെഡി എന്നിവയാണ് കാര്‍ത്തിക്കിന്റെ പുതിയ പ്രോജഡക്റ്റുകള്‍.

Content Highlight: Karthik Aryan talks about the his existance in Bollywood without cinema background