കര്‍ണിസേന നേതാവിനെ നഗരമധ്യത്തില്‍ കുത്തിക്കൊന്നു
national news
കര്‍ണിസേന നേതാവിനെ നഗരമധ്യത്തില്‍ കുത്തിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th September 2022, 10:31 pm

ഭോപാല്‍: മധ്യപ്രദേശിലെ കര്‍ണിസേനാ നേതാവിനെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഇട്ടാര്‍സിയിലാണ് സംഭവം. ഇട്ടാര്‍സിയിലെ കര്‍ണിസേന സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. നഗരസഭാ ഓഫീസിന് മുന്‍വശത്തുവെച്ചാണ് രോഹിത്തിന് കുത്തേറ്റത്. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റ രോഹിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുഹൃത്ത് സച്ചിന്റെ നില ഗുരതരമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇട്ടാര്‍സിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പണ്ട് ഇരു കൂട്ടരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് രോഹിത്തിനെ പരസ്യമായി സംഘം കുത്തിക്കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സുഹൃത്തിനൊപ്പം ഇട്ടാര്‍സിയിലെ ചായക്കടയ്ക്ക് സമീപം നില്‍ക്കുന്നതിനിടെയാണ് രോഹിത്തിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. സംസാരിച്ച് കൊണ്ടിരിക്കെ സംഘത്തിലൊരാള്‍ കത്തിയെടുത്ത് രോഹിത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ രോഹിത്തിനെ കുത്തിയ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: Karni Sena worker stabbed to death in madhya pradesh