'അവര്‍ വരുന്നതറിഞ്ഞ് ഞാന്‍ ഓടിപ്പോയതല്ല, വാര്‍ത്തകള്‍ വേദനിപ്പിക്കുന്നത്'; ആരോപണങ്ങള്‍ക്കു മറുപടിയുമായി കര്‍ണാടക സ്പീക്കര്‍
Karnataka crisis
'അവര്‍ വരുന്നതറിഞ്ഞ് ഞാന്‍ ഓടിപ്പോയതല്ല, വാര്‍ത്തകള്‍ വേദനിപ്പിക്കുന്നത്'; ആരോപണങ്ങള്‍ക്കു മറുപടിയുമായി കര്‍ണാടക സ്പീക്കര്‍
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 7:21 pm

ബെംഗളൂരു: താനാണു നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണെന്ന് കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഗവര്‍ണര്‍ എന്നെ വിവരം അറിയിക്കുന്നത് ആറാം തീയതിയാണ്. അതുവരെ ഞാന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് സ്വകാര്യ ആവശ്യത്തിനായിപ്പോയി. ആറാം തീയതി ഒന്നരവരെ ഞാന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അതിനു മുന്‍പ് എന്നെ കാണാന്‍ വരുന്നതായി എം.എല്‍.എമാര്‍ അറിയിച്ചിരുന്നില്ല. അവര്‍ വന്നത് രണ്ടുമണിക്കാണ്. അനുമതി വാങ്ങിയിരുന്നില്ല. അവര്‍ വരുന്നതറിഞ്ഞ് ഞാന്‍ ഓടിപ്പോയി എന്നതു ശരിയല്ല.’- അദ്ദേഹം വിശദീകരിച്ചു.

ആറാം തീയതി രാജി സമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ സ്പീക്കറെ കാണാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ പക്കലാണു രാജിക്കത്ത് സമര്‍പ്പിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. എം.എല്‍.എമാരെ സ്പീക്കര്‍ കാണാന്‍ കൂട്ടാക്കുന്നില്ലെന്നും നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നുവെന്നും വരെ ആരോപണം ഉയര്‍ന്നിരുന്നു.

അതിനിടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി ഇന്നു പരിഗണിക്കാന്‍ കോടതി വിസ്സമതിച്ചു.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എം.എല്‍.എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു. എം.എല്‍.എമാരെ ഓരോരുത്തരെയായി കണ്ട് പ്രശ്‌നപരിഹാരത്തിന് കുറച്ചുകൂടി സമയം നേടാമെന്ന സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.