ദൽഹി മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട 70 കർഷകരെ ട്രെയിനിൽനിന്ന് പിടിച്ചിറക്കി; ഭോപ്പാലിൽ തടങ്കലിൽ
national news
ദൽഹി മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട 70 കർഷകരെ ട്രെയിനിൽനിന്ന് പിടിച്ചിറക്കി; ഭോപ്പാലിൽ തടങ്കലിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 9:32 pm

ഭോപ്പാൽ: തലസ്ഥാനത്ത് കർഷക സംഘടനകൾ സംഘടിപ്പിക്കുന്ന ദില്ലി ചലോ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട കർണാടകയിലെ 70 കർഷകരെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് തടങ്കലിലാക്കി മധ്യപ്രദേശ് റെയിൽവേ പൊലീസ്.

ദൽഹിയിലേക്കുള്ള ട്രെയിനിൽ നിന്ന് ബലംപ്രയോഗിച്ച് ഇറക്കി വിട്ടതിനെത്തുടർന്ന് കർഷകർ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.

ഫെബ്രുവരി 12ന് പുലർച്ചെ മൂന്ന് മണിക്ക് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ നിന്ന് കർഷകരെ പുറത്തിറക്കി ഭോപ്പാൽ അധികാരികൾക്ക് കൈമാറിയതായി ഗവണ്മെന്റ് റെയിൽവേ പൊലീസ് (ജി.ആർ.പി) പറഞ്ഞു.

പൊലീസ് നടപടിയിൽ കർഷകരുടെ കൂട്ടത്തിലുള്ള സ്ത്രീകൾക്കും പരിക്കേറ്റതായി കർഷക നേതാവും ധർവാഡ് ജില്ലാ സെക്രട്ടറി പരശുരാം എതിൻഗുഡ് പി.ടി.ഐയോട് പറഞ്ഞു.

കർഷക സംഘത്തെ റെയിൽവേ സ്റ്റേഷൻ പുറത്തുള്ള ഒരു സ്ഥലത്താണ് തടവിൽ ആക്കിയത് എന്നും ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ആവശ്യ സംവിധാനങ്ങൾ ലഭ്യമാക്കിയില്ല എന്നും എതിൻഗുഡ് ആരോപിച്ചു.

മിനിമം താങ്ങു വില ഉറപ്പുവരുത്തുന്ന നിയമം നടപ്പിലാക്കണമെന്ന് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 13ന് രാജ്യത്തെ കർഷക സംഘടനകൾ ദൽഹിയിൽ മാർച്ച് നടത്തുന്നത്.

അതേസമയം മാർച്ചിന് മുന്നോടിയായി ഹരിയാന അതിർത്തിയിൽ അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ 30 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹരിയാനയിലെ പഞ്ച്കുലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഏഴ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ് അധികൃതർ.

Content Highlight: Karnataka farmers travelling to Delhi for protest march detained in Bhopal