ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnata Election
മികച്ച ലീഡുമായി മലയാളികളുടെ മുന്നേറ്റം; മംഗലാപുരത്ത് യുടി ഖാദറും, കെ.ജെ ജോര്‍ജും, എന്‍.എ ഹാരിസും മുന്നില്‍
ന്യൂസ് ഡെസ്‌ക്
Tuesday 15th May 2018 9:22am

ബെംഗളൂരു: ഭരണം നിലനിറുത്താന്‍ കോണ്‍ഗ്രസും തിരിച്ചു പിടിക്കാന്‍ ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കര്‍ണാടകയില്‍ മികച്ച ലീഡുമായി മലയാളികളുടെ മുന്നേറ്റം. മംഗലാപുരത്ത് യുടി ഖാദറും, സര്‍വഗണ നഗറില്‍ കെ.ജെ ജോര്‍ജും, ശാന്തി നഗറില്‍ എന്‍.എ ഹാരിസും മുന്നിട്ട് നില്‍ക്കുന്നു.


Read Also : കര്‍ണാടകയില്‍ ബി.ജെ.പിക്ക് നേരിയ മുന്നേറ്റം; തൂക്കു മന്ത്രിസഭ എന്ന പ്രവചനം ശരിയാകുന്നു?


അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവെ 87 സീറ്റുമായി ബി.ജെ.പിയും 76 സീറ്റുമായി കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. കിംഗ് മേക്കറാവുമെന്ന് കരുതുന്ന മതേതര ജനതാദള്‍ 30 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നേറ്റം കാഴ്ചവയ്ക്കുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ടിടങ്ങളിലും പിന്നില്‍. ചാമുണ്ഡേശ്വരിയിലും ബെദാമിയിലുമാണ് സിദ്ധരാമയ്യ മത്സരിച്ചത്. ഇരുമണ്ഡലങ്ങളിലും അദ്ദേഹം പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്.

ബെദാമിയില്‍ ഖനി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീരാമലുവാണ് സിദ്ധരാമയ്യയുടെ എതിരാളി. മൈസൂരു ജില്ലയിലാണ് ചാമുണ്ഡേശ്വരി മണ്ഡലം. ഇവിടെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡയാണ് മുന്നില്‍. ബി.ജെ.പിയുടെ എസ്.ആര്‍ ഗോപാലറാവു മൂന്നാം സ്ഥാനത്താണ്. 12000ത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ സിദ്ധരാമയ്യ പിന്നിട്ടുനില്‍ക്കുന്നത്

ഉച്ചയോടെ അന്തിമ ഫലം പുറത്ത് വരും. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ ജെ.ഡി.എസിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ ഇരു പാര്‍ട്ടികളും ഇപ്പോള്‍ തന്നെ ആരംഭിച്ചതായാണ് വിവരം.ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകും. അന്തിമ ചിത്രം ഉച്ചയോടെ വ്യക്തമാകും.

1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇത്തവണത്തേത് (72.13 ശതമാനം). എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. എന്തായാലും ചരിത്രത്തിലെ വലിയ പോളിങിന് ശേഷം വിധി പ്രഖ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയം ഇന്ന് കര്‍ണാടകയിലേക്ക് ഉറ്റുനോക്കുകയാണ്.

അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും.കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985-ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

ഒറ്റക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തൂക്കുസഭയുടെ സാധ്യത മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഇരു പാര്‍ട്ടികളും അണിയറയില്‍ ആരംഭിച്ചതായാണ് വിവരം. അധികാരം പങ്കിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജെ.ഡി.എസിന് മുന്നില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വെച്ചതായും വിവരമുണ്ട്.

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിയും ജെ.ഡി.എസും 40 വീതം സീറ്റുകളില്‍ വിജയിച്ചു.

Advertisement