കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് സൗദിയില്‍ നിന്നെത്തിയ 75 കാരന്‍
COVID-19
കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് സൗദിയില്‍ നിന്നെത്തിയ 75 കാരന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 12:03 pm

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി. ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരനാണ് മരണപ്പെട്ടത്.

മക്കയില്‍ നിന്ന് വന്ന ശേഷം ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 13 ആയി.

കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു ആണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കൊവിഡ് ബാധിതകരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ മരണപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീടുകളിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടൈന്നും ചിലര്‍ ആശുപത്രിയിലും ചിലര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇദ്ദേഹവുമായി അടുത്തു ഇടപഴകിയ ആളുകളുടെ ശരീരസ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ശ്രീരാമലു പറഞ്ഞു. കൊവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

നേരത്തെ കല്‍ബുര്‍ഗിയിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ 76 കാരനായിരുന്നു മരണപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ