ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ വാതുവെപ്പ് റാക്കറ്റിന്റെ തലവന്‍; ഒടുവില്‍ അറസ്റ്റ്
India
ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ വാതുവെപ്പ് റാക്കറ്റിന്റെ തലവന്‍; ഒടുവില്‍ അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 4:15 pm

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള കര്‍ണാടക ക്രൈം ബ്യൂറോ സംഘത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥന്‍ വാതുവെപ്പ് കേസില്‍ അറസ്റ്റില്‍. ചിക്കബാല്‍പുര ജില്ലയില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

കര്‍ണാടക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത വാതുവെപ്പ് സംഘത്തലവന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്റ്റബിളായ മഞ്ജുനാഥിനെ (42) അറസ്റ്റു ചെയ്യുന്നത്.

വാതുവെപ്പ് സംഘത്തലവന്റെ മൊഴിയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇവരേക്കാളൊക്കെ വലിയ വാതുവെപ്പ് റാക്കറ്റ് നടത്തിയിരുന്ന വ്യക്തിയാണ് പൊലീസുകാരനെന്ന് വ്യക്തമാകുകയായിരുന്നു. ചിന്താമണി നിവാസിയാണ് ഇയാള്‍. സംസ്ഥാനത്തെ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള പൊലീസ് സംഘത്തിനൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ഇദ്ദേഹം.

ഇയാള്‍ വളരെക്കാലമായി വാതുവെപ്പ് റാക്കറ്റ് നടത്തിവരികയാണെന്ന് ഒരു മുതിര്‍ന്ന പൊലീസുകാരന്‍ പറഞ്ഞു ‘ചൂതാട്ടം, വാതുവെപ്പ്, വേശ്യാവൃത്തി എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുന്ന പൊലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ചൂതാട്ടത്തിലും വാതുവെപ്പ് കേസുകളിലുമുണ്ടാകുന്ന ഓരോ അറസ്റ്റും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുമായിരുന്നു. അവരുടെ മോഡ് ഓഫ് ഓപ്പറേഷന്‍സ് ശ്രദ്ധിക്കുകയും സ്വന്തം റാക്കറ്റ് നടത്താന്‍ അവരെ ഉപയോഗിക്കുകയുമായിരുന്നു ഇയാള്‍’, പൊലീസ് പറഞ്ഞു.

നിരവധി വാതുവെപ്പ് റാക്കറ്റ് സംഘത്തിന്റെ സഹായവും ഇദ്ദേഹത്തിന് ലഭിച്ചതായി പൊലീസ് പറഞ്ഞു. പല കേസുകളിലും പ്രതികളെ പിടികൂടാനായി പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ വിവരം അവര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഭൂമി, റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ തുടങ്ങി ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ വാതുവെപ്പിന് ഉപയോഗിക്കാന്‍ ഇയാള്‍ ആളുകളെ പ്രോത്സാഹിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ഇയാളെ കഴിഞ്ഞയാഴ്ച സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ചിക്കബല്ലാപുര ജില്ലാ പൊലീസ് സൂപ്രണ്ട് ജി.കെ മിഥുന്‍ കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karnataka cop, part of squad to tackle IPL betting, arrested for placing bets himself