ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ആ ശബ്ദരേഖ തന്റേതു തന്നെ; കുടുങ്ങുമെന്നായപ്പോള്‍ തുറന്നു സമ്മതിച്ച് യെദ്യൂരപ്പ: രാജി വെക്കുന്നില്ലേയെന്ന് ശിവകുമാര്‍
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 1:20pm

ബെംഗളുരു: കൂറുമാറാന്‍ ഭരണപക്ഷ എം.എല്‍.എ.യ്ക്ക് കോടികള്‍ വാഗ്ദാനംചെയ്യുന്ന ശബ്ദരേഖ തന്റേതു തന്നെയെന്ന് തുറന്നു സമ്മതിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ. ജനതാദള്‍ (എസ്) എം.എല്‍.എ നാഗനഗൗഡ കണ്ഡകൂറിന്റെ മകന്‍ ശരണഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്നും നാഗനഗൗഡയെ കൂറുമാറ്റി ബി.ജെ.പിയില്‍ ചേര്‍ക്കുന്നതിന്റെ സാധ്യതയെ കുറിച്ച് സംസാരിച്ചുവെന്നും യെദ്യൂരപ്പ സമ്മതിച്ചു.

ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമല്ലെന്നും സംസ്ഥാനസര്‍ക്കാരിനെ വീഴ്ത്താന്‍ ഭരണപക്ഷ അംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്നുമായിരുന്നു നേരത്തെ യെദ്യൂരപ്പ പറഞ്ഞിരുന്നത്. ശബ്ദം തന്റേതെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്നും യെദ്യൂരപ്പ വെല്ലുവിളിച്ചിരുന്നു.

Read Also : മഹാറാലിക്ക് തൊട്ടുമുമ്പ് ട്വിറ്ററില്‍ പ്രിയങ്കയുടെ അരങ്ങേറ്റം; ഏറ്റെടുത്ത് അണികള്‍

സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെയാണ് യെദ്യൂരപ്പ തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്.

കര്‍ണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പാണ് മുഖ്യമന്ത്രി കുമാരസ്വാമി യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവിട്ടത്. സ്പീക്കര്‍ രമേഷ് കുമാറിനെ 50 കോടി രൂപ നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദ്യൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്.


ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍വെച്ചാണ് ശരണഗൗഡയുമായി സംസാരിച്ചതെന്നും സംഭാഷണം ‘റെക്കോഡ്’ ചെയ്തിരുന്നെന്നും യെദ്യൂരപ്പ ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘റെക്കോഡ്’ ചെയ്തത് തന്റെ അറിവോടെയാണ്. എന്നാല്‍, സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇതിനുപിന്നില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നും യെദ്യൂരപ്പ ആരോപിച്ചു. ”ശരണഗൗഡയുമായി സംസാരിച്ചെന്നത് സത്യമാണ്. എന്നാല്‍ പുറത്തുവിട്ട ശബ്ദരേഖ സംഭാഷണത്തിന്റെ പൂര്‍ണരൂപമല്ല. സ്പീക്കര്‍ രമേശ്കുമാറിന് 50 കോടി വാഗ്ദാനം ചെയ്‌തെന്നത് സത്യവിരുദ്ധമാണ്. രമേശ് കുമാര്‍ സത്യസന്ധനായ നേതാവാണ്”- യെദ്യൂരപ്പ പറഞ്ഞു.

അതേസമയം ശരണഗൗഡയുമായി സംസാരിച്ചത് സമ്മതിച്ചസ്ഥിതിക്ക് യെദ്യൂരപ്പ രാജിവെച്ച് വാഗ്ദാനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ആവശ്യപ്പെട്ടു. സത്യം സമ്മതിച്ച സാഹചര്യത്തില്‍ യെദ്യൂരപ്പ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണു നല്ലതെന്നു മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.

Advertisement