ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
കര്‍ണാടകയില്‍ സീറ്റ് നിഷേധിച്ച ബി.ജെ.പി നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; റോഡ് ഉപരോധിച്ചും ടയറ് കത്തിച്ചും പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 8:34am

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് ഷാഷില്‍ നമോഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അനുയായികള്‍ പ്രതിഷേധ പ്രകടനവും ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെയാണ് ഷാഷില്‍ നമോഷി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. 82 സ്ഥാനാര്‍ഥികളുടെ പുതിയ പട്ടികയും ചേര്‍ത്ത് 154 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയാണ് ഗുല്‍ബറഗയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഷാഷില്‍ നമോഷി പരസ്യമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയിലെ സീറ്റ് കിട്ടാത്തവരും വ്യാപക പ്രതിഷേധവും അക്രമവും നടത്തിയിരുന്നു.

72 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഏപ്രില്‍ 8നാണ് ബി.ജെ.പി പുറത്തു വിട്ടത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്ദ്യൂരപ്പയുടേയും മുതിര്‍ന്ന നേതാക്കളായ ഈശ്വരപ്പയുടേയും ജഗദിഷ് ഷെട്ടാറിന്റെയും പേരുകള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ദല്‍ഹിയില്‍ വച്ചു ഞായറാഴ്ച നടന്ന ബി.ജെ.പി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ചര്‍ച്ചയിലാണ് രണ്ടാംഘട്ട പട്ടിക തയ്യാറാക്കിയത്. 218 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പി പട്ടിക പ്രഖ്യാപിച്ചത്.

മെയ് 12 നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍. കുറഞ്ഞത് 150 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നത്.

Advertisement