എഡിറ്റര്‍
എഡിറ്റര്‍
ലാത്തിക്കടിച്ചാലും വെടി വെച്ചാലും പരിഞ്ഞ് പോകില്ല; ധൈര്യമുണ്ടെങ്കില്‍ ജയിലിലടച്ചോളൂ; കര്‍ണ്ണാടകയില്‍ അംഗന്‍വാടി ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്
എഡിറ്റര്‍
Tuesday 21st March 2017 10:56pm

ബംഗളൂരു: സംസ്ഥാന ബജറ്റില്‍ അര്‍ഹതപ്പെട്ട തുക ഓണറേറിയം മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ അങ്കണവാടി ജീവനക്കാര്‍ ആരംഭിച്ച റോഡ് ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി നാടകീയ രംഗങ്ങള്‍ക്കാണ് രണ്ടാം ദിവസം കര്‍ണ്ണാടക സാക്ഷ്യം വഹിച്ചത്.


Also read ക്ഷേത്രം പണിയേണ്ടത് രാമജന്മഭൂമിയില്‍; പള്ളി എവിടെയും പണിയാം: സുബ്രഹ്മണ്യന്‍ സ്വാമി


കൈക്കുഞ്ഞുങ്ങളും കുട്ടികളുമായി ആയിരത്തിലധികം സ്ത്രീകളാണ് കര്‍ണ്ണാടകയിലെ ബാംഗ്‌ളൂര്‍ ഫ്രീഡം പാര്‍ക്കില്‍ കുത്തിയിരിക്കുന്നത്. രാത്രിയിലും തെരുവില്‍ കിടന്നു കൊണ്ടാണ് സ്ത്രീകള്‍ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കള്‍ സമര രംഗത്തുള്ളവരെ സന്ദര്‍ശിച്ചു. എന്നാല്‍ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സ്ത്രീകളുടെ സമരത്തെ അവഗണിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സി.ഐ.ടി.യു നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്‌നത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്ന കര്‍ണ്ണാടക സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച കര്‍ണ്ണാടക നിയമസഭയില്‍ രൂക്ഷമായ വാഗ്വാദങ്ങളാണ് ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്നത്.


Dont miss കോടതി വിധി നടപ്പിലാക്കപ്പെട്ടപ്പോള്‍ രോഗിയായ അമ്മയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളും തെരുവില്‍; കൈത്താങ്ങുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും 


1,25,000 വരുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയാല്‍ 612 കോടിയോളം രൂപ സര്‍ക്കാരിന് അധിക ബാധ്യതയാകുമെന്നാണ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്. അങ്കണവാടി ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടയുകയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിക്കുന്നു.

ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ പോലുമില്ലാതെയാണ് ആയിരക്കണക്കിന് സ്ത്രീകള്‍ അവകാശങ്ങള്‍ക്കായി തെരുവില്‍ സമരം ചെയ്യുന്നത്. എത്ര ദിവസം സമരം ചെയ്യേണ്ടിവന്നാലും വിജയം വരെ സമരം തുടരുമെന്ന നിലപാടിലാണ് സമരക്കാര്‍. പൊലീസ് ലാത്തി പ്രയോഗിച്ചാലും വെടിവെച്ചാലും സമര മുഖത്ത് നിന്ന് പിരിഞ്ഞ് പോകില്ലെന്നും ധൈര്യമുണ്ടെങ്കില്‍ തങ്ങളെയെല്ലാം ജയിലിലടച്ചോളു എന്നുമാണ് സമരക്കാര്‍ പറയുന്നത്.

Advertisement