കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ട്; ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കും: ഡി.കെ ശിവകുമാര്‍
D' Election 2019
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ട്; ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കും: ഡി.കെ ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 11:17 am

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ താഴെ തട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും എന്നാലും സഖ്യം തകരാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യം തകരാതെ കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അല്ലാതെ സംസ്ഥാനത്തിന്റേതല്ലെന്നും അടുത്ത അഞ്ചു വര്‍ഷം ഈ സഖ്യം തുടരുമെന്നും ശിവകുമാര്‍ പറഞ്ഞു.

അതേസമയം, ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കുമെന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യ 20ല്‍ കൂടുതല്‍ സീറ്റ് നേടുമെന്നും ശിവകുമാര്‍ പറഞ്ഞു.

കോഴ നല്‍കി കോണ്‍ഗ്രസ് എം.എല്‍.എമാരെ കൈക്കലാക്കാന്‍ ബി.ജെ.പിയുടെ ശ്രമം തുടരുന്നുണ്ട്. അധികാരം സ്ഥാപിക്കാന്‍ ഇത് ബി.ജെ.പി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ കോഴക്കളിക്ക് തെരഞ്ഞെടുപ്പു കമ്മീഷനും കൂട്ട് നില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനോ ആദായ നികുതി വകുപ്പോ ഇതിനെതിരെ നടപടി സ്വീകരിക്കുന്നിലെന്നും ശിവകുമാര്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്റെ ഹൃദയം തകരുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ തന്ത്രങ്ങളെല്ലാം തകര്‍ത്ത് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവാണ് ശിവകുമാര്‍.

ബി.ജെ.പിക്കെതിരായ മുഖ്യ ആയുധമായി ജെ.ഡി.എസ് സഖ്യത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതും ഇദ്ദേഹമാണ്.