കരിക്കിലെ ജോര്‍ജ് മുതല്‍ വിജയന്‍ പൊലീസ് വരെ | മലയാളി മനസ് കീഴടക്കിയ അനു കെ. അനിയന്‍ വേഷങ്ങള്‍
Entertainment
കരിക്കിലെ ജോര്‍ജ് മുതല്‍ വിജയന്‍ പൊലീസ് വരെ | മലയാളി മനസ് കീഴടക്കിയ അനു കെ. അനിയന്‍ വേഷങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th January 2022, 12:30 pm

കരിക്ക് ടീമിന്റെ പുതിയ വീഡിയോയായ കലക്കാച്ചി വന്നതിന് പിന്നാലെ ഏറ്റവും ഹിറ്റായിരിക്കുന്നത് ഇതില്‍ ജോര്‍ജ് എന്ന അനു കെ. അനിയന്‍ ചെയ്ത വിജയന്‍ എന്ന പൊലീസുകാരന്റെ കഥാപാത്രമാണ്. വിവിധ വികാരങ്ങള്‍ മാറി മാറി വരുന്ന ഈ കഥാപാത്രത്തെ അതിഗംഭീരമായാണ് അനു ചെയ്തിരിക്കുന്നതെന്നാണ് എല്ലാ കോണുകളിലും നിന്നും വരുന്ന അഭിപ്രായങ്ങള്‍. കലക്കാച്ചി വിഡിയോ മികച്ചതായിട്ടുണ്ടെന്നും അല്ലെന്നുമുള്ള സമ്മിശ്ര പ്രതികരണങ്ങള്‍ വരുന്നുണ്ടെങ്കിലും അനുവിന്റെ പ്രകടനത്തെ കുറിച്ച് പോസിറ്റീവായ അഭിപ്രായങ്ങള്‍ മാത്രമാണ് ഇതുവരെ വന്നിട്ടുള്ളത്.

കരിക്കിന്റെ ആദ്യ സീരീസായ തേരാ പാരയിലെ ജോര്‍ജ് എന്ന കഥാപാത്രമായെത്തി പിന്നീട് ഓരോ വീഡിയോയിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഇപ്പോള്‍ വിജയന്‍ എന്ന പൊലീസുകാരനില്‍ വരെ എത്തിനില്‍ക്കുകയാണ് അനുവിന്റെ അഭിനയജീവിതം.

ഏത് പ്രായത്തിലും പ്രൊഫഷണലിലും വൈകാരികതലത്തിലുമുള്ള കഥാപാത്രമാണെങ്കിലും ഓരോ കഥാപാത്രത്തെയും ഏറ്റവും സ്വാഭാവികമായും സൂക്ഷ്മമായും അവതരിപ്പിക്കാന്‍ കഴിയുന്ന നടന്‍ എന്നാണ് അനുവിനെപ്പറ്റി പറയാറുള്ളത്. ജോലിയൊന്നുമില്ലാതെ തേരാ പാര നടക്കുന്നവനായാലും, ബിസിനസുകാരനായാലും, തൊഴിലാളിയായാലും, പൊലീസായാലും, ഗുണ്ടയായാലുമൊക്കെ വളരെ കൃത്യതയോടെ ഇവരെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അനുവിന് കഴിയാറുണ്ട്.

കരിക്കില്‍ എത്തുന്നതിന് മുന്‍പ് ഷോര്‍ട് ഫിലിംസിലൂടെയായിരുന്നു അനുവിന്റെ തുടക്കം. കരിക്കിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഒരു ഫുട്‌ബോള്‍ ലോകകപ്പാണ്. 2018ലെ ഫിഫ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ചിറക്കിയ ഈ എപ്പിസോഡുകളിലൂടെയാണ് അനുവിന്റെ ജോര്‍ജും മലയാളികള്‍ക്ക് മുന്‍പിലെത്തുന്നത്.

മെസി ജോര്‍ജ് എന്ന കട്ട അര്‍ജന്റീന ആരാധകനായി വന്ന അനുവിന് കരിക്കിനൊടൊപ്പം തന്നെ ഒരുപാട് ആരാധകരെ ലഭിച്ചു. അനുവിന്റെ ഒറ്റയ്ക്കുള്ള പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെടുന്നത് ഗോറില്ല ഇന്റര്‍വ്യൂ എന്ന ചെറിയ സ്‌കെച്ച് വീഡിയോയിലാണ്. ഗോറില്ല നിക്കറുകള്‍ അതിസര്‍ത്ഥമായി വില്‍ക്കുന്നതിന്റെ ഡെമോ കാണിച്ചുതന്ന ബി.ടെക്കുകാരനായുള്ള അനുവിന്റെ പ്രകടനം ഇപ്പോഴും ആഘോഷിക്കപ്പെടുന്നതാണ്. ഇതിലൂടെ അനു ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.


അതിനുശേഷം വന്ന പല വീഡിയോസിലും ശ്രദ്ധ നേടിയെങ്കിലും 2018ല്‍ തന്നെ ഇറങ്ങിയ തേരാപാര എന്ന സീരിസാണ് കരിക്കിനും കരക്കിലെ മറ്റ് അഭിനേതാക്കളെ പോലെ അനുവിനും വഴിത്തിരിവാകുന്നത്. ഇതോടു കൂടിയാണ് അനു മലയാളികള്‍ക്ക് പൂര്‍ണ്ണമായും ജോര്‍ജായി മാറുന്നത്.

അനുവിന്റെ ജോര്‍ജ്, ശബരീഷിന്റെ ലോലന്‍, ആനന്ദ് മാത്യൂസിന്റെ ശംഭു, ബിനോയിയുടെ ഷിബു എന്നിവര്‍ ഈ സീരിസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാകുന്നത്. അതിനുശേഷം വന്ന വീഡിയോസിലും സീരിസിലുമൊക്കെ ഇവര്‍ ഏത് കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും ജോര്‍ജ് ചെയ്ത ആ റോള്‍, ലോലന്‍ ചെയ്ത ഈ റോള്‍ എന്നാണ് പൊതുവെ നാം എല്ലാവരും പറയാറുള്ളത്.

ജോലിയൊന്നും ശരിയാവാതെ നടക്കുന്ന യുവാക്കളുടെ കഥ പറഞ്ഞ തേരാ പാരാ സീരിസില്‍ ജോര്‍ജിന്റേത് ഹാസ്യം നിറഞ്ഞ ഒരു കഥാപാത്രമാണ്. എന്നാല്‍ ജോലിയൊന്നുമില്ലേലും കുറച്ച് ഉത്തരവാദിത്തബോധമുള്ള, മറ്റുള്ളവരുടെ കാര്യം കൂടി ശ്രദ്ധിക്കുന്ന ഒരാളായുള്ള കഥാപാത്രം കൂടിയായിരുന്നു ജോര്‍ജിന്റേത്. ജോര്‍ജ്-ലോലന്‍ കോമ്പിനേഷന്‍ സീനുകള്‍ ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

തേരാ പാരയുടെ ഓരോ എപ്പിസോഡുകളും മറ്റു ചെറിയ സ്‌കെച്ച് വീഡിയോകളുമായി കരിക്ക് മുന്നേറുന്നതിനിടയിലാണ് ‘ദാറ്റ് സൈക്കോ ഫ്രണ്ട്’ എന്ന അനുവിന്റെ ഒരു ഗംഭീര പ്രകടനം കരിക്കിന്റെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ‘ചൊമല കിട്ടിയില്ലേല്‍ കണ്ണടിച്ചു പൊളിക്കും’ എന്ന ഡയലോഗൊക്കെ ആളുകള്‍ ആവര്‍ത്തിച്ച് പറഞ്ഞ് ആഘോഷിച്ചു. വെറുതെ നില്‍ക്കുന്ന ആളില്‍ നിന്നും അടുത്ത നിമിഷം കട്ട കലിപ്പന്‍ സൈക്കോ സീനിലേക്ക് മാറുന്ന അനുവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ദേഷ്യം എന്ന വികാരത്തെ മറ്റൊരു തലത്തില്‍ നിന്ന് അവതരിപ്പിച്ച വേഷമായിരുന്നു അത്. ആ വീഡിയോ ഒരു നല്ല കോമഡി എന്റര്‍ടെയ്നര്‍ എന്ന നിലയിലാണ് കൂടുതല്‍ ചര്‍ച്ചയായതെങ്കിലും അനുവിന്റെ പ്രകടനങ്ങള്‍ മാത്രമെടുത്ത ചെറിയ നിരീക്ഷണങ്ങളും വന്നിരുന്നു.

പിന്നീട് വന്ന വെറുപ്പിക്കല്‍ അപ്പാപ്പനും പിശുക്ക് കുമാറുമൊക്കെ ഹിറ്റായി മാറി. ബഡാ ചോട്ടാ എന്നൊരു വീഡിയോയില്‍ കുറച്ച് സമയം വന്ന അതിഥിത്തൊഴിലാളിയായ ബാബുവാണ് ജോര്‍ജിന്റെ അടുത്ത ശ്രദ്ധേയമായ കഥാപാത്രം. ബാബു ഈ വീഡിയോയിലൂടെയാണ് ആളുകളിലേക്ക് എത്തുന്നത് എങ്കിലും ആ കഥാപാത്രം ഒരു വമ്പന്‍ ഹിറ്റാകുന്നത് പിന്നീട് കരിക്ക് ബാബുവിനെ കൊണ്ടുവന്ന മറ്റു പല വീഡിയോകളിലൂടെയുമാണ്.

ലോക്ക്ഡൗണ്‍ സമയത്ത് വന്ന ബാബു, മൊതലാളി ഫോണ്‍ കോള്‍ എപ്പിസോഡും, പിന്നീട് ഇവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ദൂസരയെും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുവിന്റെ ബാബു എന്ന കഥാപാത്രം ഏറ്റവും ഹിറ്റായത് അറേഞ്ച്‌മെന്റ് കല്യാണത്തിലെ ‘ബാബു നമ്പൂടിടി’ ആയി വന്നപ്പോഴായിരുന്നു.

കരിക്കിന്റെ ഏറ്റവും വ്യൂ നേടിയ വീഡിയോകളിലൊന്ന് കൂടിയായിരുന്ന ഇത്. അര്‍ജുന്‍ രത്തന്‍ ചെയ്ത മൊതലാളിയും അനുവിന്റെ ബാബു നമ്പൂടിടിയും വരുന്ന കോമ്പോ സീനുകളെല്ലാം ഏറെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ മലയാളം പറച്ചില്‍ രീതിയില്‍ അമിതാഭിനയം ഒന്നും ഇല്ലാതെ തന്നെ കോമഡി കൊണ്ടുവരാന്‍ അനുവിന് കഴിഞ്ഞിരുന്നു.

വളരെ തുറന്ന രീതിയില്‍ വികാരങ്ങളും ഭാവങ്ങളുമെല്ലാം പ്രകടിപ്പിക്കുന്ന ബാബു അനുവിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. മുന്‍ കഥാപാത്രങ്ങളില്‍ തമാശ കൊണ്ടുവന്നതിലും വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ടായിരുന്നു ഇതിലെ പ്രകടനം.

ലോക്ക്ഡൗണ്‍ കാലത്ത് വന്ന ഭാസ്‌കരന്‍ പിള്ള വീഡിയോകളില്‍ മാനേജര്‍ തങ്കപ്പനില്‍ തന്റെ ശബ്ദം മുഴുവനായും മാറ്റിക്കൊണ്ടായിരുന്നു അനു എത്തിയത്. കരിക്കിന്റെ പ്ലസ് ടു സീരിസില്‍ കൗമാരക്കാനായ ഉണ്ണിയായെത്തിയും അനു ആളുകളെ രസിപ്പിച്ചിരുന്നു.

കൊവിഡിനും ലോക്ക് ഡൗണിനും ശേഷം വന്ന കരിക്കിന്റെ ഓരോ വീഡിയോകളും തമാശകള്‍ എന്ന ഒറ്റ ലേബലില്‍ നിര്‍ത്താന്‍ പറ്റുന്നതല്ലായിരുന്നു. തിരക്കഥയിലും ക്യാമറയിലും കഥാപാത്രങ്ങളിലും എന്നു തുടങ്ങി കൂടുതല്‍ സിനിമാറ്റിക്കാവുന്ന രീതിയിലായിരുന്നു വീഡിയോയുടെ നിര്‍മാണം. അഭിനേതാക്കളുടെ പ്രകടനങ്ങള്‍, തിരക്കഥ, സംവിധാനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ വീഡിയോകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളെങ്കിലും, എപ്പോഴും അനുവിന്റെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം ലഭിക്കാറുണ്ട്്്.

ഏത് വേഷവും വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാവുന്ന അഭിനേതാവ് എന്ന നിലയിലേക്കുള്ള അനുവിന്റെ വളര്‍ച്ചയും ഈ എപ്പിസോഡുകള്‍ രേഖപ്പെടുത്തി. ഉല്‍ക്കയില്‍ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു അനു എത്തിയത്. ആ സീരിസില്‍ ഏറ്റവുമധികം കയ്യടി നേടിയത് ജീവന്റെ മലാക്കും വീഡിയോയുടെ വ്യത്യസ്തമായ മേക്കിങ്ങുമായിരുന്നു എങ്കിലും, ഇതിലെ ആദ്യ സീനുകളിലെ കല്ലു മാത്തന്‍ എന്ന് കഥാപാത്രത്തിലൂടെ മികച്ച പ്രകടനമായിരുന്നു അനു നടത്തിയത്.

ഫാമിലി പാക്ക് എന്ന വീഡിയോയില്‍, ജോലിയൊന്നും ശരിയാവാതെ നടക്കുന്ന മൂത്ത മകനായ ബിബീഷിന്റെ വിവിധ വികാരങ്ങളെ സ്വാഭാവികതയോടെ സ്‌ക്രീനിലെത്തിക്കാന്‍ അനുവിന് കഴിഞ്ഞിരുന്നു. അനുവിന്റെ അതുവരെയുള്ള റോളുകളിലെ ഏറ്റവും സൂക്ഷമമായ പ്രകടനമെന്നായിരുന്നു ഇതിനുവന്ന വിലയിരുത്തലുകള്‍. ബിബീഷിനെ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചതായാണ് താന്‍ കരുതുന്നതെന്ന് അനു തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബിബിഷും മൗഗ്ലിയുമായുള്ള ബന്ധം എടുത്തു കാണിക്കുന്ന സീനുകള്‍ പ്രേക്ഷക മനസില്‍ ഇടം നേടിയിരുന്നു.

പിന്നീട് വന്ന ഡി.ജെയിലെ അപ്പാപ്പന്‍ സുബൈദാര്‍ സുധാകരനും ആളുകളെ നല്ലപോലെ ചിരിപ്പിച്ചു. തമാശക്ക് കൂടുതല്‍ പ്രാധാന്യമുള്ള ആ വേഷത്തില്‍, കലിപ്പന്‍ റിട്ടേയേര്‍ഡ് പട്ടാളക്കാരനായി അനു നല്ല അഭിപ്രായം നേടിയിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ, സ്റ്റാര്‍ എന്നീ എപ്പിസോഡുകള്‍ വലിയ പ്രേക്ഷകപ്രീതി നേടിയില്ലെങ്കിലും, കലക്കാച്ചി വന്നതിന് പിന്നാലെ ഈ വീഡിയോകളിലെ ജോര്‍ജിന്റെ പ്രകടനം ചര്‍ച്ചയിലേക്ക് കടന്നുവരുന്നുണ്ട്.

കലക്കാച്ചിയിലെ വിജയന്‍ പൊലീസാണ് അനുവിന്റെ കരിയറിലെ അടുത്ത ബെഞ്ച് മാര്‍ക്കായിരിക്കുന്നത്. മധ്യവയസിലേക്ക് കടന്ന സാധാരണക്കാരനായ ഒരു പൊലീസുകാരനായി മനസില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകടനമാണ് അനു നല്‍കിയിരിക്കുന്നത്. ഒരു ചെറു സിനിമ എന്ന് വിളിക്കാന്‍ തോന്നുന്ന കലക്കാച്ചിയില്‍ ഏറ്റവും കയ്യടി നേടുന്നത് അനുവാണ്. വിജയന്‍ എന്ന പൊലീസിന്റെ ദേഷ്യവും, ടെന്‍ഷനും, സാധാരണയായി ആളുകളോട് സംസാരിക്കുന്ന രീതിയും, അയാളുടെ ശാരീരിക പ്രശ്‌നങ്ങളും ക്ഷീണവുമൊക്കെ വളരെ കൃത്യമായി അനു കാണിച്ചു തരുന്നുണ്ട്.

ഒരു വീഡിയോ കോളില്‍ ഗുണ്ടകളോട് സംസാരിക്കുന്ന സീന്‍, അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച റിയലിസ്റ്റിക് മാസ് സീനായിരുന്നു എന്നുതന്നെ പറയാം. ജോര്‍ജിന്റെയോ സുബെദാര്‍ സുധാകരന്റെയോ ബാബു നമ്പൂടിടിയുടെയോ മറ്റേതെങ്കിലും മുന്‍ കഥാപാത്രങ്ങളുടെയോ ലാഞ്ജന പോലുമില്ലാതെയാണ് അനു വിജയന്‍ സാറായി പകര്‍ന്നാടിയിരിക്കുന്നത്.

ഈ വീഡിയോകള്‍ കൂടാതെ, കരിക്ക് ഫ്‌ളിക്കിലെ സീരിസുകളിലും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളിലും അനു ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്ത്രതിലേക്കെത്തുമ്പോള്‍ ചെറിയ ചില കാര്യങ്ങളിലൂടെ അടിമുടി മാറുന്നതാണ് അനുവിന്റെ പ്രകടനത്തിന്റെ പ്രധാന മേന്മയായി പലരും ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Performance of George aka Anu K Aniyan in Karikku