ഇതെനിക്ക് താങ്ങാനാവുന്നില്ല; ശംശേരയുടെ പരാജയത്തില്‍ മനസ് തുറന്ന് സംവിധായകന്‍
Film News
ഇതെനിക്ക് താങ്ങാനാവുന്നില്ല; ശംശേരയുടെ പരാജയത്തില്‍ മനസ് തുറന്ന് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 4:16 pm

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ രണ്‍ബീര്‍ കബൂര്‍ ചിത്രം ശംശേര വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് രണ്‍ബീറിന്റെ ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 2018ല്‍ പുറത്ത് വന്ന രണ്‍ബീറിന്റെ സഞ്ജു എന്ന ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. എന്നാല്‍ ശംശേരക്ക് ഡിസാസ്റ്ററസ് റിവ്യൂവാണ് പലയിടത്ത് നിന്നും ലഭിക്കുന്നത്. ആദ്യ ആഴ്ചയില്‍ 31 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.

ചിത്രത്തിന്റെ പരാജയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കരണ്‍ മല്‍ഹോത്ര. ഈ വെറുപ്പും പ്രതികാരവും താങ്ങാന്‍ തനിക്കാവുന്നില്ലെന്നാണ് കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ശംശേര എന്റേതാണ് എന്ന ക്യാപ്ഷനോടെയാണ് കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ‘എന്റെ പ്രിയപ്പെട്ട ശംശേര, നീ മഹത്വമേറിയതാണ്. ഈ പ്ലാറ്റ്‌ഫോമില്‍ വന്ന് എനിക്കെന്താണ് തോന്നുന്നതെന്ന് പറയണം. കാരണം ഇവിടെയാണ് നിനക്കായുള്ള സ്‌നേഹവും വെറുപ്പും ആഘോഷവും അപമാനവുമെല്ലാം ഉണ്ടാവുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിന്നെ കൈ വിട്ടതിന് ക്ഷമ ചോദിക്കുന്നു, കാരണം ഈ വെറുപ്പും പ്രതികാരവുമൊന്നും എനിക്ക് താങ്ങാനാവുന്നില്ലായിരുന്നു.

എന്നാല്‍ നിന്നെ പിന്തുണക്കാന്‍ ഞാനെത്തിയിരിക്കുകയാണ്. നീ എന്റേതാണെന്ന് പറയാന്‍ അഭിമാനമേയുള്ളൂ. നമ്മള്‍ കൈകള്‍ കോര്‍ത്ത് നല്ലതും മോശമായതുമെല്ലാം നേരിടും. ശംശേര കുടുംബത്തിലുള്ള അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമായി ഒരു വലിയ ജയ് വിളിക്കുന്നു. ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ സ്‌നേഹവും അനുഗ്രഹവും കരുതലും ഏറ്റവും വിലപിടിപ്പുള്ളതാണ്. അത് ഞങ്ങളില്‍ നിന്നും ആര്‍ക്കും എടുത്ത് മാറ്റാനാവില്ല,’ എന്നാണ് കരണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ നേതാവിന്റെ കഥയാണ് ശംശേര പറയുന്നത്. വാണി കപൂറാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. യശ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെടുന്ന യശ് രാജ് ഫിലിംസിന്റെ ആറാമത്തെ ചിത്രമാണ് ശംശേര.

Content Highlight: Karan malhotra says that he cannot bear this hatred and revenge in the failure of samshera movie