ഇനി ഇവിടെ ഒരു 'വുഡിനും' സ്ഥാനമില്ല, ബ്രഹ്മാസ്ത്ര ഒരു ഇന്ത്യന്‍ സിനിമ: കരണ്‍ ജോഹര്‍
Entertainment
ഇനി ഇവിടെ ഒരു 'വുഡിനും' സ്ഥാനമില്ല, ബ്രഹ്മാസ്ത്ര ഒരു ഇന്ത്യന്‍ സിനിമ: കരണ്‍ ജോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd September 2022, 5:06 pm

ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമയാണെന്ന കൊട്ടിഘോഷിക്കലുകളില്‍ നിന്നും സിനിമാലോകവും പ്രേക്ഷകരും വഴിമാറാന്‍ തുടങ്ങിയിട്ട് നാളുകളായി. മറ്റെല്ലാ ഭാഷകളേക്കാളും വലിയ പ്രതിസന്ധിയിലൂടെയാണ് ബോളിവുഡ് നീങ്ങിക്കൊണ്ടിരിക്കുന്നതും.

ഒരു വശത്ത് ഏത് ചിത്രമിറക്കിയാലും നേരിടേണ്ടി വരുന്ന ബോയ്‌കോട്ട് ഭീഷണി, കണ്ടന്റിലും മേക്കിങ്ങിലും വലിയ ജനപ്രീതിയോ നിരൂപകശ്രദ്ധയോ നേടാനാകാതെ പോകുന്ന സിനിമകള്‍, മറുവശത്ത് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നേടുന്ന വമ്പന്‍ വിജയങ്ങള്‍ – അങ്ങനെ ബോളിവുഡിന് മുന്നില്‍ തടസങ്ങള്‍ അനവധിയാണ്.

ഈ പശ്ചാത്തലത്തിലാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ബോളിവുഡിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരിക്കുന്നത്.

ബ്രഹ്മാസ്ത്ര ഹിന്ദി സിനിമയുടെ മാത്രം ഭാഗമല്ലെന്നും ഇന്ത്യന്‍ സിനിമയുടേതാണ് ഈ ചിത്രമെന്നുമാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. ബ്രഹ്മാസ്ത്രയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബോളിവുഡ്, ടോളിവുഡ് എന്നെല്ലാമുള്ള ‘വുഡുകള്‍’ക്ക് ഇനി സ്ഥാനമില്ല. എല്ലാം സിനിമയും ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. ബ്രഹ്മാസ്ത്രയും അങ്ങനെ തന്നെയാണ്. ഇതൊരു ഹിന്ദി സിനിമയല്ല, ഇന്ത്യന്‍ സിനിമയാണ്,’ കരണ്‍ ജോഹര്‍ പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മിത്തിക്കല്‍ ഴോണറില്‍ വരുന്ന ബ്രഹ്മാസ്ത്ര തിയേറ്ററുകളിലെത്തുന്നത്. സെപ്തംബര്‍ എട്ടിനാണ് സിനിമയുടെ റിലീസ്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര് ‘ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍: ശിവ’ എന്നാണ്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും തുടങ്ങി ബോളിവുഡിലെ പ്രധാന അഭിനേതാക്കളും നാഗാര്‍ജുനയടക്കമുള്ള സൗത്ത് ഇന്ത്യന്‍ താരങ്ങളും അണിനിരക്കുന്നുണ്ട്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്നു ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ വലിയ ജനപ്രീതി നേടിയിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ബ്രഹ്മാസ്ത്ര എത്തുക. എസ്.എസ്. രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ബ്രഹ്മാസ്ത്ര അവതരിപ്പിക്കുക.

Content Highlight: Karan Johar about Brahmastra and Bollywood