| Saturday, 28th January 2012, 12:14 pm

പള്ളിക്ക് തിങ്കളാഴ്ച തറക്കല്ലിടും; തിരുകേശം കത്തിക്കില്ലെന്ന് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശം യാഥാര്‍ത്ഥ്യമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. എന്നാല്‍ കത്തിച്ചുനോക്കി പരിശോധിക്കാന്‍ വിശ്വാസം അനുവദിക്കില്ലെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുകേശ വിവാദത്തില്‍ പ്രചാരണം നടത്തുന്നവര്‍ വേറെ പണിയില്ലാത്തവരാണെന്നും  അത്തരം നീക്കങ്ങള്‍ ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കയ്യിലുള്ള തിരുകേശം ഒറിജിനലാണ്. അതിന്റെ സനദിലും പരമ്പരയിലും ഒരു സംശയവുമില്ല. ഇ.കെ സുന്നി വിഭാഗം ആവശ്യപ്പെട്ടത് തിരുകേശം കത്തിച്ച് പരിശോധിക്കണമെന്നാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് തങ്ങള്‍ തയ്യാറാവില്ല. അത്തരം നീക്കങ്ങള്‍ക്ക് ഞങ്ങളെ കിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.

40 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിനും ഇസ്‌ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിനും തിങ്കളാഴ്ച വൈകുന്നേരം 5മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയില്‍ ശിലാസ്ഥാപനം നടത്തും. മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം സമസ്ത: പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയും ഹെരിറ്റേജ് മ്യൂസിയത്തിന് ഡോ. അഹ്മദ് ഖസ്‌റജിയുമാണ് ശിലാസ്ഥാപനം നടത്തുക. മദ്ഹുറസൂല്‍ പ്രഭാഷണം സമസ്ത:ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

ഇരുപത്തയ്യായിരം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാന്‍ സൗകര്യപ്രദമായ മസ്ജിദ് ബഹുജന പങ്കാളിത്തത്തോടെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടനുബന്ധിച്ചു നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ തിരുകേശം സൂക്ഷിക്കും. ഇതോടൊപ്പം ഇസ്‌ലാമിക സമൂഹം ആദരവുകള്‍ നല്‍കി പവിത്രതയോടെ സംരക്ഷിച്ചു പോരുന്ന ചരിത്ര ശേഷിപ്പുകളും ഇവിടെ ശേഖരിച്ചു സൂക്ഷിക്കും. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്ര നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകള്‍, രചനകള്‍, ചരിത്ര ശേഷിപ്പുകള്‍ എന്നിവയടങ്ങിയ മ്യൂസിയത്തില്‍ ഗവേഷണത്തിനും, പഠനത്തിനും സൗകര്യമുണ്ടാകും. സാംസ്‌കാരികവും നാഗരികവുമായ ചരിത്ര കാലഘട്ടത്തെയും ചരിത്ര നായകന്മാരെയും പരിചയപ്പെടുത്തുന്ന ഇസ്‌ലാമിക് എക്‌സിബിഷന്‍ ഹാള്‍, റഫറന്‍സ് ലൈബ്രറി& സ്റ്റഡി സെന്റര്‍, അക്കാദമിക് ഹാള്‍, കണ്‍വെന്‍ഷന്‍& മീഡിയ സെന്റര്‍ എന്നിവയും മസ്ജിദിനോടനുബന്ധിച്ചു നിര്‍മ്മിക്കും.

തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ വൈകുന്നേരം 3മണിവരെ കാരന്തൂര്‍ മര്‍കസില്‍ തിരുകേശ പ്രദര്‍ശനം, തിരുനബി ജീവിത സന്ദേശ പ്രഭാഷണം, പ്രകീര്‍ത്തന സദസ്സ്, അന്താരാഷ്ട്ര സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. തിരുകേശ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് “ശഅ്‌റ് മുബാറക്” മുക്കിയ പുണ്യ ജലം പതിവ് പോലെ സൗജന്യമായി വിതരണം ചെയ്യും.

10 മണിക്ക് നടക്കുന്ന അന്താരാഷ്ട്രസെമിനാര്‍ തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്താന്‍ബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് & കള്‍ച്ചറല്‍ തുര്‍ക്കിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. പ്രൊ ഫോളിന്‍ ടെര്‍നര്‍ ബ്രിട്ടന്‍, രിസാ അക്‌ലി തുര്‍ക്കി, പ്രൊ യൂസുഫ് മൈക്കിള്‍ വത്തിക്കാന്‍, ബിലാല്‍ കാനഡ,ഡോ. യൂനുസ് തുര്‍ക്കി, അഫ്‌സ്‌ലാന്‍ തുര്‍ക്കി, ഡോ. സയ്യിദ് ഫെരിട് അതാലസ് സിംഗപ്പൂര്‍, ഇര്‍ഫാന്‍ ഉമര്‍ അമേരിക്ക, ഇഹ്‌സാന്‍ മുസ്തഫ ഇറാഖ്, അലി ഖൈസ് തുര്‍ക്കി തുടങ്ങിയവര്‍ സെമിനാറില്‍ പ്രഭാഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ,മര്‍കസ് ജന. മാനേജര്‍ സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ,മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് പ്രസിഡന്റ് കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, കേരളയാത്ര ഇ.സി. കണ്‍വീനര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവരും സംബന്ധിച്ചു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more