ചേകന്നൂര്‍ വധം: കാന്തപുരത്തിനെതിരെ തെളിവില്ല- സി ബി ഐ
Kerala
ചേകന്നൂര്‍ വധം: കാന്തപുരത്തിനെതിരെ തെളിവില്ല- സി ബി ഐ
ന്യൂസ് ഡെസ്‌ക്
Thursday, 7th January 2010, 8:21 am

കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ പ്രതിയാക്കാന്‍ തെളിവുകള്‍ ഇല്ലെന്ന് സി ബി ഐ, പ്രത്യേക കോടതിയെ അറിയിച്ചു.

കോടതിയില്‍ സി ബി ഐ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കാന്തപുരത്തെ പ്രതിയാക്കാന്‍ കോടതി ഉത്തരവ് നല്‍കണമെന്ന് കാണിച്ച് ചേകന്നൂരിന്റെ അമ്മാവന്‍ കെ കെ സലിം ഹാജി നല്‍കിയ ഹരജിയിലാണ് സി ബി ഐ സത്യവാങ്മൂലം. കേസ് ജനവരി 19ലേക്ക് മാറ്റിക്കൊണ്ട് സി ബി ഐ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ ഉത്തരവിട്ടു.

പുരോഗമന ചിന്താഗതിക്കാരനായ ചേകന്നൂരിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് മതമൗലിക വാദികളാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് കാന്തപുരമാണെന്നും സലീം ഹാജി ഹരജിയില്‍ ആരോപിച്ചു. കേസില്‍ സാക്ഷികളായ താനും മുന്‍ എന്‍ജിനീയര്‍ വീരാന്‍കുട്ടിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാന്തപുരത്തെ പ്രതിയാക്കാന്‍ പ്രത്യേക കോടതിക്ക് ഉത്തവിടാവുന്നതാണ്. വേണ്ടത്ര തെളിവുകള്‍ കിട്ടിയാല്‍ കാന്തപുരത്തെ പ്രതിയാക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതെന്നും സലിം ഹാജി പറഞ്ഞു.

എന്നാല്‍ കേസില്‍ യാതൊരു പഴുതുകളും ഇല്ലാതെയാണ് അന്വേഷണം നടത്തിയതെന്നും പ്രതിയായി ഒന്‍പത് പേര്‍ മാത്രമേയുള്ളുവെന്നും സി ബി ഐ പറഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് ഒന്‍പതാം പ്രതി ഉസ്മാന്‍ മുസ്‌ലിയാരാണ്. കുറ്റകൃത്യവുമായി കാന്തപുരത്തെ ബന്ധപ്പെടുത്തുന്നതിനായി യാതൊരു തെളിവും ഇല്ലെന്നും സി ബി ഐ വ്യക്തമാക്കി.

ചേകന്നൂരിന്റെ ഭാര്യ ഹവ്വാ ഉമ്മയുടെ ഹരജിയെ തുടര്‍ന്ന് കാന്തപുരത്തെ വിചാരണയുടെ ആദ്യഘട്ടത്തില്‍ പ്രത്യേക കോടതി പ്രതിയാക്കിയിരുന്നു. എന്നാല്‍ അത് പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.

1993 സപ്തംബര്‍ 27ന് ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയശേഷം കൊലപ്പെടുത്തിയെഎന്നാണ് സി ബി ഐ കേസ്. പൊന്നാനി പോലീസ് അന്വേഷിച്ച കേസ് പിന്നീട് മലപ്പുറം െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. 1995 നവംബര്‍ 10ന് അന്വേഷണം സി ബി ഐക്ക് വിട്ടുകൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.