Administrator
Administrator
പിണറായി വിളിച്ചില്ല; യു.ഡി.എഫിന് പിന്തുണ നല്‍കി: കാന്തപുരം
Administrator
Monday 10th October 2011 11:17am

kanthapuramകോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ കാരണം സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയനോ എല്‍.ഡി.എഫ് നേതാക്കളോ സഹായം തേടാതിരുന്നതുകൊണ്ടാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫിന് പിന്തുണ നല്‍കില്ലെന്ന് നേരത്തെ തന്നെ അവരോട് വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്ര മന്ത്രിസഭയില്‍ പങ്ക് ചേരുകയോ സര്‍ക്കാറിനെ പിന്തുണക്കുകയോ ചെയ്യാത്ത നിങ്ങളെ എങ്ങിനെയാണ് പിന്തുണക്കാനാകില്ലെന്ന് അവരോട് ചോദിച്ചിരുന്നു. ഇത്തരത്തില്‍ നിങ്ങള്‍ പാര്‍ലിമെന്റിലേക്ക് പോയിട്ട് കാര്യമില്ലെന്നും തങ്ങള്‍ പിന്തുണ നല്‍കില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ആ സമയത്ത് പരിഗണിക്കാമെന്നും പറഞ്ഞിരുന്നു.

ഈ സമയത്ത് മുസ്‌ലിം ലീഗ് നേതൃത്വം തങ്ങളുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കയായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും പിണറായി വിജയനോ മറ്റ് എല്‍.ഡി. എഫ് നേതാക്കളോ തങ്ങളെ പിന്തുണ തേടി സമീപിച്ചില്ല. തങ്ങള്‍ രാഷ്ട്രീയ കക്ഷികളല്ലാത്തത് കൊണ്ട് അങ്ങോട്ട് പോയി പിന്തുണ കൊടുത്തില്ല. ആ സമയത്ത് പിണറായി തങ്ങളുമായി ബന്ധപ്പെടുകയും തങ്ങള്‍ ഉന്നയിച്ച ഉപാധികളില്‍ ചില ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ പിന്തുണ നല്‍കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല’- കാന്തപുരം വ്യക്തമാക്കുന്നു.

ലീഗ് യു.ഡി.എഫ് നേതൃത്വവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു എന്തായിരുന്നു തങ്ങളുടെ ഉപാധികളെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇക്കാര്യം രഹസ്യമൊന്നുമല്ല. സമയമാവുമ്പോള്‍ ജനങ്ങളോട് പറയും. ഇവയില്‍ ചിലതൊക്കെ യു.ഡി.എഫിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണകൊണ്ടാണ് മുസ്‌ലിം ലീഗിന് വന്‍ വിജയം നേടാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ രണ്ടോ മൂന്നോ സീറ്റുകളില്‍ ഒതുങ്ങുമായിരുന്നു. ഭരണം തന്നെ യു.ഡി.എഫിന് ലഭിക്കുമായിരുന്നില്ല. തങ്ങളുടെ ഉപാധികള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്തുണ തുടരുന്ന അവസ്ഥയുണ്ടാവും.

എന്നാല്‍ പിന്തുണ ഏകപക്ഷീയമായി യു.ഡി.എഫിന് നല്‍കുന്ന സാഹചര്യമുണ്ടാവില്ല. പ്രതിപക്ഷവും ക്ഷീണിക്കാന്‍ പാടില്ല. അപ്പോള്‍ ഭരണപക്ഷം തോന്നിയത് പോലെ ചെയ്യും. അത് സംഭവിക്കാന്‍ പാടില്ല. ബുദ്ധിയുള്ളവര്‍ പ്രതിപക്ഷത്ത് നിന്നും ഉണ്ടാവണം.

തങ്ങള്‍ ലീഗുമായി ഒരിക്കലും ബന്ധം വിച്ഛേദിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടിയല്ലാത്തതിനാല്‍ ആരുമായും അടുപ്പമോ അകലമോ പാലിക്കേണ്ടെന്നാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വരാതിരിക്കുകയായിരുന്നു. പിന്നീട് തങ്ങളുടെ ചില സമ്മേളനങ്ങളിലേക്ക് പോവരുതെന്ന് ലീഗ് നേതാക്കളുടെ പ്രഖ്യാപനമുണ്ടായി. ഇതോടെ തങ്ങള്‍ തമ്മില്‍ അകലം കൂടി. ലീഗിലെ ചിലര്‍ പുത്തന്‍ വാദികള്‍ക്ക് അനുകൂലമായി നിലപാടുമായി മുന്നോട്ട് പോയി. അപ്പോള്‍പ്പിന്നെ ലീഗുമായി ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി.

പിന്നീട് അടുത്ത കാലത്താണ് മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന കാര്യം ഞങ്ങള്‍ മനസ്സിലാക്കിയത്. സമുദായ പ്രാതിനിധ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ എതിര്‍പ്പില്‍ നിന്ന് അവരും തങ്ങളും പിന്‍മാറുകയായിരുന്നു. അനുരഞ്ജനത്തിന് ലീഗ് മുന്‍കയ്യെടുത്തുവെന്ന് പറയാന്‍ കഴിയില്ല. ഇരു പക്ഷവും ഒരുപോലെ പ്രവര്‍ത്തിച്ചു.

അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നു. ലീഗുമായി സഖ്യമൊന്നുമുണ്ടായിട്ടില്ല. അവര്‍ വോട്ട് ചോദിച്ചു അപ്പോള്‍ ഞങ്ങള്‍ നിബന്ധന പറഞ്ഞു, അത്രമാത്രം. തങ്ങളെ അവസരവാദികളെന്ന് വിളിക്കുന്നത് വാസ്തവ വിരുദ്ധമാണ്. നേട്ടമുള്ളിടത്ത് നില്‍ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്, ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നേട്ടമുണ്ടാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement